ന്യൂഡൽഹി: മലേഷ്യയിൽ നിന്നുള്ള പാമോയിൽ ഇറക്കുമതിയിൽ നിയന്ത്രണം വരുത്താനൊരുങ്ങി ഇന്ത്യ. ജമ്മു കശ്മീർ വിഷയത്തിൽ ഐക്യരാഷ്ട്ര സഭയിൽ മലേഷ്യൻ പ്രധാനമന്ത്രി മഹാതിർ മുഹമ്മദ് നടത്തിയ പരാമർശങ്ങൾക്കു പിന്നാലെയാണ് ഇന്ത്യയുടെ നടപടി.
മലേഷ്യയിൽ നിന്നുള്ള പാമോയിൽ ഇറക്കുമതിയിലും, മറ്റു ഉൽപ്പന്നങ്ങൾക്കും നിയന്ത്രണമേർപ്പെടുത്താനുമാണ് ഇന്ത്യ ഉദേശിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. വാണിജ്യ മന്ത്രാലയം നടത്തിയ ചര്‍ച്ചയില്‍ പങ്കെടുത്തവരെ ഉദ്ധരിച്ചാണ് റിപ്പോർട്ട്..
ജമ്മു കശ്മീരില്‍ ഇന്ത്യ അതിക്രമിച്ച് കയറുകയും കൈവശപ്പെടുത്തുകയും ചെയ്തെന്നായിരുന്നു മലേഷ്യൻ പ്രധാനമന്ത്രിയുടെ പ്രസ്താവന. വിഷയത്തിൽ പരിഹാരം കാണാന്‍ ഇന്ത്യ പാകിസ്ഥാനോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഇന്ത്യ പ്രതിവർഷം 9 മില്യൺ ടണ്ണിലധികം പാമോയിലാണ് ഇറക്കുമതി ചെയ്യുന്നത്. ഇതിൽ കൂടുതലും ഇന്തോനേഷ്യയിൽ നിന്നും മലേഷ്യയിൽ നിന്നുമാണ്.