ന്യൂഡല്‍ഹി: രാജ്യം നിശ്ചലമായിട്ട് ഇന്നേക്ക് 30 നാള്‍ പിന്നിട്ടു. ലോക മഹാമാരിയെ നിന്ത്രണത്തിലാക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ലോക്ക് ഡൗണ്‍ 30 ദിനം പിന്നിട്ടത്തിന്‍റെ പശ്ചാത്തലത്തില്‍ ഇന്‍റര്‍ മിനിസ്റ്റീരിയല്‍ എംപവേഡ് ഗ്രൂപ്പ് ചെയര്‍മാന്‍ സി.കെ മിശ്രയും കേന്ദ്ര ആരോഗ്യ വകുപ്പ് സെക്രട്ടറി ലാവ് അഗര്‍വാളും ചേര്‍ന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഒരു മാസത്തെ ലോക്ക് ഡൗണ്‍ ജനങ്ങളെ വലിയ രീതിയില്‍ തകര്‍ത്തിട്ടുണ്ടന്ന് സി.കെ മിശ്ര പറഞ്ഞു. എങ്കിലും മഹാമാരി തടയുന്ന കാര്യത്തില്‍ ഇന്ത്യ നില മെച്ചപ്പെടുത്തി. മാര്‍ച്ച് 24ന് നടത്തിയത് 14950 പരിശോധനകളായിരുന്നു. എന്നാല്‍ ഏപ്രില്‍ 24ന് ഇത് അഞ്ച് ലക്ഷത്തിന് മുകളിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രോഗം സ്ഥിരീകരിക്കുന്നവരുടെ ശരാശരി എണ്ണത്തില്‍ വര്‍ദ്ധനവ് വരുന്നില്ല. മാര്‍ച്ച് 24ന് 606 പോസിറ്റീവ് കേസുകളാണ് രാജ്യത്ത് ഉണ്ടായിരുന്നത്. ഏപ്രില്‍ 23ന് ഇത് 21393 ആണെന്നും മിശ്രകൂട്ടിച്ചേര്‍ത്തു. 1983 ബിഹാര്‍ കേഡറിലെ ഐ.എ.എസ് ഓഫീസറായിരുന്നു സി.കെ മിശ്ര.
ബഹുമുഖ പ്രതിരോധ തന്ത്രമാണ് ഇന്ത്യയെ മികച്ച നിലയില്‍ എത്തിക്കാന്‍ സഹായിച്ചതെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ് സെക്രട്ടറി ലാവ് അഗര്‍വാള്‍ പറഞ്ഞു . കൂടുതല്‍ പരിശോധനകള്‍ നടത്താനുള്ള സംവിധാനങ്ങല്‍ ഒരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ പരിശോധനാ സംവിധാനങ്ങള്‍ മെച്ചപ്പെട്ടു. കൊവിഡ് ആശുപത്രികളുടെ എണ്ണം 163ല്‍ നിന്ന് 736 ലേക്ക് ഉയര്‍ത്താന്‍ കഴിഞ്ഞു. 4279 ഐസൊലേഷന്‍ കികടക്കള്‍ 194026 ആയി ഉയര്‍ന്നുവെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ രോഗം ജനങ്ങളില്‍ വലിയ രീതിയില്‍ ഭീതി പടര്‍ത്തിയതായി എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേരിയ അഭിപ്രായപ്പെട്ടു . പലരും ജലദോഷം വരുമ്പോള്‍ തന്നെ ചികിത്സക്കായി എത്തുന്നുണ്ട്. ഇതിന്‍റെ ആവശ്യമില്ല. എന്നാല്‍ ജനങ്ങളിലുള്ള പേടി മാറ്റാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.