ന്യൂഡൽഹി: കൊറോണ വൈറസിനെ ചെറിക്കുന്നതിന്‍റെ ഭാഗമായി രാജ്യത്ത് ലോക്ക് ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വീഡിയോ കോൺഫറൻസ് നടത്തും. കൊവിഡ് -19ന്‍റെ സാഹചര്യങ്ങളെക്കുറിച്ചും നിലനിൽക്കുന്ന ലോക്ക് ഡൗണിനെക്കുറിച്ചും ചര്‍ച്ച ചെയ്യാൻ ഇത്തരത്തിൽ രണ്ട് കോൺഫറൻസുകൾ മുമ്പ് നടത്തിയിരുന്നു.
കൊവിഡ് വ്യാപനം തടയുന്നതിനുള്ള മുൻകരുതൽ നടപടിയായി മാർച്ച് 24 നാണ് 21 ദിവസത്തെ രാജ്യവ്യാപക ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. പിന്നീട് ലോക്ക് ഡൗൺ മെയ് 3 വരെ നീട്ടുകയായിരുന്നു. ലോക്ക് ഡൗണ്‍ നീട്ടണമെന്നാണ് ഭൂരിഭാഗം സംസ്ഥാനങ്ങളുടെയും ആവശ്യം. തെലങ്കാനയില്‍ മെയ് ഏഴ് വരെ ലോക്ക് ഡൗണ്‍ നീട്ടിയിരുന്നു. നിലവിലെ സാഹചര്യത്തില്‍ ലോക്ക് ഡൗണ്‍ മെയ് മൂന്നിന് ശേഷവും തുടരണമെന്ന അഭിപ്രായമാണ് ഏഴ് സംസ്ഥാനങ്ങള്‍ക്കുള്ളത്. ഡൽഹി, മഹാരാഷ്ട്ര, പശ്ചിമബംഗാൾ, പഞ്ചാബ്, മധ്യപ്രദേശ്, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങള്‍ക്കാണ് ലോക്ക് ഡൗൺ നീട്ടണമെന്ന ആവശ്യം.
ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നതിനുമുമ്പ്, മാർച്ച് 20 ന് വൈറസ് പടരുന്നത് പരിശോധിക്കാനുള്ള മാർഗ്ഗങ്ങൾ ചർച്ച ചെയ്യാൻ പ്രധാനമന്ത്രി മുഖ്യ മന്ത്രിമാരുമായി ചർച്ച നടത്തിയിരുന്നു. തുടര്‍ന്ന് ഏപ്രിൽ 11 ന് മുഖ്യമന്ത്രിമാരുമായുള്ള കോൺഫറൻസിൽ 21 ദിവസത്തെ രാജ്യവ്യാപക ലോക്ക് ഡൗണിനെ പിന്തുണച്ചതിന് എല്ലാവര്‍ക്കും നന്ദി അറിയിക്കുകയും വൈറസ് പടരുന്നത് തടയുന്നതിന് എല്ലാ സംസ്ഥാനങ്ങളും ഒരുമിച്ച് പ്രവർത്തിച്ചതിനെ പ്രശംസിക്കുകയും ചെയ്തിരുന്നു.
കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ കണക്കുകൾ അനുസരിച്ച് ഇന്ത്യയിലെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 26,917 ആയി. ഇതിൽ 5,914പേര്‍ രോഗം ഭേദമായി ആശുപത്രി വിടുകയും 826 പേര്‍ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.