ന്യൂഡൽഹി: സീനിയർ കമാൻഡർമാരുടെ അടുത്ത യോഗം എത്രയും വേഗം നടത്താൻ ഇന്ത്യയും ചൈനയും തീരുമാനിച്ചതായി വിദേശകാര്യ മന്ത്രാലയം. എല്ലാ സംഘർഷ മേഖലകളും നിയന്ത്രണത്തിലാക്കുന്നതിനും അതിർത്തി പ്രദേശങ്ങളിൽ സുരക്ഷയും സമാധാനവും പൂർണമായി പുനഃസ്ഥാപിക്കുന്നതിനും ഇരുപക്ഷവും ചർച്ചകൾ തുടരുകയാണെന്നും വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.
കിഴക്കൻ ലഡാക്കിലെ അതിർത്തി സംഘർഷത്തെ തുടർന്ന് തിങ്കളാഴ്ച ആറാം റൗണ്ട് സീനിയർ കമാൻഡേഴ്‌സ് യോഗം ചേർന്ന ഇന്ത്യയും ചൈനയും തെറ്റിദ്ധാരണകൾ ഒഴിവാക്കാനും അതിർത്തിയിൽ സൈനികരെ വിന്യസിക്കുന്നത് നിർത്താനും സമ്മതിച്ചിട്ടുണ്ട്. ഇന്ത്യ-ചൈന അതിർത്തി പ്രദേശങ്ങളിലെ നിയന്ത്രണ രേഖയിൽ സ്ഥിതി സുസ്ഥിരമാക്കുകയെന്ന കാര്യത്തിൽ ഇരുപക്ഷവും ആത്മാർത്ഥവും ആഴത്തിലുള്ളതുമായ അഭിപ്രായ കൈമാറ്റം നടത്തിയതായി ചൊവ്വാഴ്ച സംയുക്ത പത്രക്കുറിപ്പിൽ മന്ത്രാലയം അറിയിച്ചു. പ്രശ്‌നങ്ങള്‍ ശരിയായി പരിഹരിക്കുന്നതിന് പ്രായോഗിക നടപടികൾ സ്വീകരിക്കാൻ ഇരുപക്ഷവും സമ്മതിച്ചതായും റിപ്പോർട്ടിൽ പറയുന്നു.