ന്യൂഡൽഹി: ഇന്ത്യ ചൈന സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ ഇരുരാജ്യങ്ങളുടെയും കരസേന ബ്രിഗേഡ് കമാൻഡർതല ചര്‍ച്ച ഇന്ന് രാവിലെ 10ന് ചുഷുലിൽ ചേരും. ശനി, ഞായർ ദിവസങ്ങളിൽ ലഡാക്കിലെ ചുഷുലിനടുത്തുള്ള പാങ്കോങ്‌സോയുടെ തെക്കൻ തീരത്തിന് സമീപം ഇന്ത്യൻ പ്രദേശങ്ങളിലേക്ക് അതിക്രമിച്ചു കടക്കാനുള്ള ചൈനീസ് സൈന്യത്തിന്‍റെ ശ്രമത്തെ ഇന്ത്യൻ സൈന്യം പരാജയപ്പെടുത്തിയതിന് പിന്നാലെയാണ് യോഗം. ചൊവ്വാഴ്ചയും ബ്രിഗേഡ് കമാൻഡർ തല ചർച്ചകൾ നടന്നിരുന്നു.
കിഴക്കൻ ലഡാക്കിലെ ചുമാറിലെ നിയന്ത്രണ രേഖയുടെ ഇന്ത്യൻ ഭാഗത്തേക്ക് കടക്കാൻ ചൈനീസ് സൈന്യം നടത്തിയ ശ്രമം ഇന്ത്യൻ സുരക്ഷാ സേന ചൊവ്വാഴ്ച പരാജയപ്പെടുത്തി. ഫിംഗർ ഏരിയ, ഗാൽവാൻ വാലി, ഹോട്ട് സ്പ്രിംഗ്സ്, കോങ്‌റംഗ് തുടങ്ങി നിരവധി മേഖലകളിൽ ചൈനീസ് സൈന്യം നടത്തിയ അതിക്രമങ്ങളെച്ചൊല്ലി ഇന്ത്യയും ചൈനയും ഏപ്രിൽ-മെയ് മുതൽ സംഘർഷം തുടരുകയാണ്. അഞ്ച് ലെഫ്റ്റനന്‍റ് ജനറൽ ലെവൽ ചർച്ചകൾ ഉൾപ്പെടെ കഴിഞ്ഞ മൂന്ന് മാസമായി ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും പ്രശ്‌നപരിഹാരം കാണാനായിട്ടില്ല.