ന്യൂഡല്‍ഹി: അതിര്‍ത്തി മേഖലയായ ഗല്‍വാനില്‍ ഇന്ത്യന്‍ സൈനികരും ചൈനീസ് സൈനികരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ പരിക്കേറ്റ 17 സൈനികര്‍ക്ക് കൂടി വീരമൃത്യു വരിച്ചു. മൂന്ന് സൈനികരാണ് തിങ്കളാഴ്ച രാത്രി രാജ്യത്തിനായി ജീവന്‍ വെടിഞ്ഞത്. ഗുരുതരമായി പരിക്കേറ്റ 17 പേര്‍ക്ക് ദുര്‍ഘടമായ കാലാവസ്ഥയെ അതിജീവിക്കാൻ കഴിഞ്ഞില്ലെന്ന് കരസേന അറിയിച്ചു. ഇന്ത്യന്‍ സൈന്യത്തിലെ കമാന്‍ഡിങ് ഓഫിസറായ കേണല്‍ ബി സന്തോഷ് ബാബു അടക്കമാണ് വീരമൃത്യു വരിച്ചത്. പത്തോളം സൈനികരെ കാണാതായിട്ടുണ്ടെന്ന് സൈനിക വൃത്തങ്ങള്‍ ഇടിവി ഭാരതിനോട് പറഞ്ഞു. തിങ്കളാഴ്‌ച രാത്രിയിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് ഇന്ത്യന്‍ സൈനികര്‍ക്ക് ജീവന്‍ നഷ്ടമായെന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍. മേഖലയില്‍ നിന്ന് ഇരു വിഭാഗം സൈനികരും പിന്‍വലിഞ്ഞതായും കരസേന അറിയിച്ചു.
സാധാരണ നടത്തുന്ന പട്രോളിങ്ങിനിടെ അതിര്‍ത്തിയില്‍ അസാധാരണമായ രീതിയില്‍ കൂടുതല്‍ ടെന്‍റുകള്‍ കണ്ടു. തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം ഇവ നശിപ്പിച്ചു. എന്നാല്‍ ആയിരത്തോളം ചൈനീസ് സൈനികരാണ് അവിടെയുണ്ടായിരുന്നത്. ഇന്ത്യയുടെ ഭാഗത്തും ആയിരത്തോളം സൈനികരുണ്ടായിരുന്നു. പിന്നീടാണ് രൂക്ഷമായ സംഘര്‍ഷം ആരംഭിച്ചത്. - മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന്‍ ഇടിവി ഭാരതിനോട് പറഞ്ഞു. ആക്രമണത്തില്‍ പരിക്കേറ്റ നിരവധി സൈനികര്‍ നദിയിലേക്ക് വീണു. 45 വര്‍ഷത്തിനിടെ ഇന്ത്യാ - ചൈന അതിര്‍ത്തിയിലുണ്ടായ ഏറ്റവും വലിയ ഏറ്റുമുട്ടലാണിത്.