ന്യൂഡല്‍ഹി : പാകിസ്ഥാനോട് സംഝോദ എക്‌സ്പ്രസ് ട്രെയിനിന്‍റെ ബോഗികൾ തിരികെ ആവശ്യപ്പെട്ട് ഇന്ത്യ. ജമ്മു കശ്‌മീരില്‍ ആര്‍ട്ടിക്കിൾ 370 റദ്ദാക്കിയതിനെ തുടര്‍ന്നുള്ള സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് ട്രെയിന്‍ സര്‍വീസ് കഴിഞ്ഞ അഞ്ച് മാസമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇതേ തുടര്‍ന്നാണ് സംഝോദ എക്‌സ്പ്രസിന്‍റെ ബോഗികൾ ഇന്ത്യ തിരികെ അവശ്യപ്പെട്ടത്. റെയില്‍വേയുടെ ആവശ്യപ്രകാരം പാകിസ്ഥാന്‍ അധികൃതരോട് എത്രയും നേരത്തെ ട്രയിന്‍റെ ബോഗികൾ തിരികെ നല്‍കണമെന്ന് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടതായി ഉയര്‍ന്ന റെയില്‍വേ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
2019 ഓഗസ്റ്റ് എട്ടിനാണ് ട്രെയിൻ അവസാന സര്‍വ്വീസ് നടത്തിയത്. ഇരുരാജ്യങ്ങളും ആറുമാസ കാലയളവിലാണ് സംഝോദ എക്‌സ്പ്രസിന്‍റെ ബോഗികൾ ഉപയോഗിച്ചിരുന്നത്. ജനുവരി മുതല്‍ ജൂൺ വരെ പാകിസ്ഥാന്‍റെ ബോഗിയും ജൂലൈ മുതല്‍ ഡിസംബര്‍ വരെ ഇന്ത്യയുടെ ബോഗിയുമാണ് ഉപയോഗിച്ചിരുന്നത്. സിംല കരാറിനെ തുടര്‍ന്ന് 1976 ജൂലൈയിലാണ് സംഝോദ എക്‌സ്പ്രസ് സര്‍വീസ് ആരംഭിച്ചത്.