ന്യൂഡൽഹി: കൊവിഡ് പരിശോധന കിറ്റുകളും മെഡിക്കൽ ഉപകരണങ്ങളും നൽകാൻ ഇന്ത്യ ചൈനയോട് ആവശ്യപ്പെട്ടു. വൈറസ് വ്യാപനത്തിന് ശേഷം ഇന്ത്യ മൂന്നാം ആഴ്‌ചയിലേക്ക് കടന്ന സാഹചര്യത്തിലാണ് ആവശ്യവുമായി ചൈനയെ സമീപിച്ചത്. എല്ലാ രാജ്യങ്ങളെയും പോലെ തന്നെ പരിശോധനാ കിറ്റുകളുടെയും മെഡിക്കൽ ഉപകരണങ്ങളുടെയും അഭാവം ഇന്ത്യയെ പ്രതിസന്ധിയിലാക്കിയെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിലെ മുതിർന്ന ശാസ്ത്രജ്ഞൻ ഡോ. രത്തൻ ഗംഗാകേദ്കര്‍ പറഞ്ഞു.
പരിശോധന കിറ്റുകൾ നിർമ്മിക്കുന്നതിനായി ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ വ്യവസായ പ്രമുഖരോട് പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടു. ഫ്രാൻസ്, സ്പെയിൻ, ഇറ്റലി, ബെൽജിയം, ഇറാൻ, ഇറാഖ്, ഫിലിപ്പൈൻസ് തുടങ്ങിയ രാജ്യങ്ങളിൽ വെന്‍റിലേറ്ററുകൾ, റെസ്‌പിറേറ്ററുകൾ, പരിശോധന കിറ്റുകൾ, സർജിക്കൽ മാസ്‌കുകൾ, മറ്റ് ആരോഗ്യ ഉപകരണങ്ങൾ എന്നിവ നൽകാൻ ചൈനയോട് ആവശ്യപ്പെട്ടു കഴിഞ്ഞു.
പരിശോധന കിറ്റുകളുടെ കുറവ് പരിഹരിക്കാനും ലഭ്യത ഉറപ്പാക്കാനും ദേശീയ ടാസ്‌ക് ഫോഴ്‌സിനെ നിയോഗിച്ചിട്ടുണ്ട്. വ്യോമസേന, നാവികസേന, കെമിക്കൽ, ആരോഗ്യ മേഖല, വസ്‌ത്ര വ്യാപാരം, ഫാർമസ്യൂട്ടിക്കൽ, മരുന്ന് നിർമ്മാതാക്കൾ എന്നീ മേഖലകളിലുള്ളവരാണ് ഈ വിഷയത്തിൽ സൂക്ഷ്‌മമായി നിരീക്ഷിക്കുന്നതെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ജോയിന്‍റ് സെക്രട്ടറി ലവ് അഗർവാൾ പറഞ്ഞു.
തദ്ദേശീയമായി നിർമ്മിച്ച 40,000ത്തോളം വെന്‍റിലേറ്ററുകൾ നൽകുമെന്ന് ഭാരത് ഹെവി ഇലക്ട്രോണിക്‌സും മറ്റ് പൊതുമേഖലാ സ്ഥാപനങ്ങളും അറിയിച്ചതായി അഗർവാൾ പറഞ്ഞു. ഒരു ലക്ഷത്തിൽ താഴെ ഐസിയുകൾ മാത്രമുള്ള നമ്മുടെ രാജ്യത്ത് രോഗവ്യാപനം തടയുക എന്നല്ലാതെ മറ്റൊരു മാർഗവുമില്ല. രോഗം ഭേദമാകാൻ മൂന്ന് മുതൽ നാല് ആഴ്‌ചകൾ വരെ വേണ്ടി വരും. അതേസമയം ഐസിഎംആറും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയും കൊവിഡിനെതിരെയുള്ള മരുന്ന് കണ്ടെത്താനുള്ള ശ്രമം തുടുകയാണെന്ന് ഗംഗാകേദ്കര്‍ അറിയിച്ചു.