ന്യൂഡല്‍ഹി: കൊവിഡിനെതിരെ പോരാടാന്‍ സഹായവുമായി കേന്ദ്ര സര്‍ക്കാര്‍. നോര്‍ത്ത് ഈസ്റ്റേണ്‍ മേഖലാ വികസന മന്ത്രാലയമാണ് (ഡോണര്‍) 25 കോടി രൂപ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് അടിയന്തര സഹായം നല്‍കുമെന്ന് പ്രഖ്യാപിച്ചത്. നിലവിലുള്ള സ്‌കീമുകൾ പ്രകാരം വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്ക് നോര്‍ത്ത് ഈസ്റ്റേണ്‍ മേഖലാ വികസന മന്ത്രാലയവും നോർത്ത് ഈസ്റ്റേൺ കൗൺസിലും (എൻ.ഇ.സി) അനുവദിച്ച ഫണ്ടുകൾക്ക് പുറമെയായിരിക്കും പുതിയ ഫണ്ട്. ഡോണര്‍ മന്ത്രി ഡോ.ജിതേന്ദ്ര സിങ്ങും എന്‍.ഇ.സി ഉദ്യോഗസ്ഥരും ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
അവശ്യവസ്‌തുക്കൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നതിനായി ചരക്ക് വിമാനം ഏര്‍പ്പെടുത്താനും യോഗത്തില്‍ തീരുമാനമായി. കൊവിഡ് 19 പ്രതിരോധ നടപടികളും യോഗം ആസൂത്രണം ചെയ്‌തു. ഈ സംസ്ഥാനങ്ങളില്‍ അവശ്യവസ്‌തുക്കൾ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ എന്‍.ഇ.സി പരിഗണിക്കുകയും അതത് കേന്ദ്രവകുപ്പുകളുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും ഡോ.ജിതേന്ദ്ര സിങ് പറഞ്ഞു. മണിപ്പൂരിലും മിസോറാമിലും രണ്ട് കൊവിഡ് 19 കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ളത്.