ജയ്പൂർ: മുഖ്യമന്ത്രി അശോക് ഗെലോട്ടുമായി അടുപ്പമുള്ള ബിസിനസുകാരുടെ സ്ഥാപനങ്ങളില്‍ ആദായനികുതി വകുപ്പ് പരിശോധന. കോൺഗ്രസ് നേതാക്കളായ രാജീവ് അറോറ, ധർമേന്ദ്ര റാത്തോഡ്, മറ്റ് അസോസിയേറ്റ് വ്യാപാരികൾ എന്നിവരുടെ സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പ് പരിശോധിച്ചു.
ആദായനികുതി വകുപ്പ് നടത്തിയ പരിശോധനക്കിടെ രണ്ട് കോടിയിലധികം കണ്ടെടുത്തതായാണ് റിപ്പോർട്ടുകൾ. 65 കോടി രൂപയുടെ ആഭരണങ്ങളും പുരാതന ഉൽപന്നങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. കൂടാതെ ഡിജിറ്റൽ ഡാറ്റകളും കണ്ടെത്തി. ആദായനികുതി വകുപ്പിന്‍റെ ടീമുകൾ ജയ്പൂർ, കോട്ട, ഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലാണ് റെയ്ഡ് നടത്തിയത്. കണ്ടെത്തിയ രേഖകൾ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കും.
മുഖ്യമന്ത്രി അശോക് ഗെലോട്ട്, മകൻ വൈഭവ് ഗെലോട്ട് എന്നിവരുമായി ബന്ധമുള്ള ആറ് ബിസിനസുകാരുമായി ബന്ധമുള്ള 50 സ്ഥലങ്ങൾ ഇതുവരെ ഐടി വകുപ്പ് റെയ്ഡ് ചെയ്തു. എന്നാല്‍ സംഭവത്തെക്കുറിച്ച് ആദായനികുതി പ്രതികരിച്ചിട്ടില്ല. ഓം മെറ്റൽ ഗ്രൂപ്പിന്‍റെ സ്ഥലങ്ങളിൽ നിന്ന് കോടിക്കണക്കിന് രൂപയുടെ പണവും ആഭരണങ്ങളും പിടിച്ചെടുത്തതായി വിവരം പുറത്തുവന്നിട്ടുണ്ട്.