വൈകുന്നേരങ്ങളിൽ ചായയോടൊപ്പം പലഹാരങ്ങൾ കഴിക്കാൻ ഇഷ്‌ടപ്പെടുന്നവരാണ് നമ്മൾ. മധുരമുള്ളതോ എരുവുള്ളതോ ആയ എന്തുതന്നെ കിട്ടിയാലും നിമിഷനേരം കൊണ്ട് പ്ലേറ്റ് കാലിയാക്കുന്നവരാണ് മിക്കവരും. എന്നാൽ കടകളിൽ നിന്നും വാങ്ങുന്നതും വീട്ടിൽ ഉണ്ടാക്കുന്നതുമായ എണ്ണ പലഹാരങ്ങൾ പതിവായി കഴിക്കുന്നത് ആരോഗ്യത്തെ ദോഷമായി ബാധിക്കും. അതിനാൽ ഒട്ടും എണ്ണ ചേർക്കാതെ വളരെ ആരോഗ്യകരമായി തയ്യാറാക്കാവുന്ന ഒരു നാലുമണി പലഹാരം എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം. റേഷൻ കടയിലെ മട്ടയരികൊണ്ട് വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന പലഹാരത്തിന്‍റെ റെസിപ്പി ഇതാ.
ആവശ്യമായ ചേരുവകൾ
- മട്ടയരി - 1 കപ്പ്
- നിലക്കടല - 4 ടേബിൾ സ്‌പൂൺ
- അണ്ടിപ്പരിപ്പ് - 15 എണ്ണം
- നെയ്യ് - ഒരു ടേബിൾ സ്‌പൂൺ
- തേങ്ങാക്കൊത്ത് - 3 ടേബിൾ സ്‌പൂൺ
- ചിരകിയ തേങ്ങാ - 5 ടേബിൾ സ്‌പൂൺ
- ശർക്കര - 200 ഗ്രാം
- ഏലക്ക - 4 എണ്ണം
തയ്യാറാക്കുന്ന വിധം
ആദ്യം മട്ടയരി നന്നായി കഴുകി വെള്ളം വാർത്തെടുക്കുക. ശേഷം ഒരു മൺചട്ടി അടുപ്പിൽ വച്ച് ചൂടാക്കി അരി അതിലേക്കിടുക. അരി ലൈറ്റ് ബ്രൗൺ നിറമാകുന്നതു വരെ വറുത്തെടുത്ത് തണുക്കാനായി മാറ്റി വയ്ക്കാം. പിന്നീട് നിലക്കടലയും (നേരത്തെ വറുത്തതാണെങ്കിൽ വീണ്ടും വറുക്കണമെന്നില്ല) അണ്ടിപരിപ്പും ഓരോന്നായി വറുത്തെടുക്കാം. ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കിയതിന് ശേഷം നെയ് ഒഴിക്കാം. ഇതിലേക്ക് തേങ്ങാ കൊത്ത് ഇട്ട് കളർ മാറുന്നത് വരെ വറുത്തെടുക്കുക. മധുരത്തിനായി ശർക്കരയിലേക്ക് അരകപ്പ് വെള്ളമൊഴിച്ച് ശർക്കര പാനി തയ്യാറാക്കുക. നേരത്തെ വറുത്ത് മാറ്റി വച്ചിരിക്കുന്ന അരിയും ഏലക്കയും ഒരു മിക്‌സർ ജാറിലേക്കിട്ട് പൊടിക്കുക. ഇതിലേക്ക് നിലക്കടലയും അണ്ടിപ്പരിപ്പും ചേർത്ത് വീണ്ടും പൊടിച്ചെടുക്കാം. ശേഷം ചിരകിയ തേങ്ങയും സർക്കര പാനിയും ചേർത്ത് ഒന്നുകൂടി കറക്കിയെടുക്കാം. ഈ മിശ്രിതം ഒരു പാത്രത്തിലേക്ക് മാറ്റി വറുത്ത് വച്ച തേങ്ങാ കൊത്തു ചേർത്ത് നന്നായി മിക്‌സ് ചെയ്യുക. ശേഷം ഇത് ഒരു കൈപിടി അളവിൽ എടുത്ത് ഉരുട്ടിയെടുക്കാം. രുചികരമായ നാലുമാണ് പലഹാരം റെഡി.
Also Read : മാങ്ങ മാറി നിൽക്കും ഈ അച്ചാറിന് മുന്നിൽ; ഇതാ ഒരു കിടിലൻ റെസിപ്പി