ശ്രീനഗർ: തുടർച്ചയായ നാലാം ദിവസവും ജമ്മു കശ്മീരിൽ പെയ്യുന്ന മഴയെത്തുടർന്ന് അമർനാഥ് യാത്ര നിർത്തിവച്ചതായി അധികൃതര്‍ അറിയിച്ചു. ഗുഹ പ്രദേശത്ത് മഞ്ഞുവീഴ്‌ചയുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചതിന്‍റെ അടിസ്ഥാനത്തില്‍ മൂന്ന് പ്രധാന ബേസ് ക്യാമ്പുകളിൽ നിന്നുള്ള യാത്രയാണ് നിര്‍ത്തിവച്ചത്. ജമ്മുവിലെ ഭഗവതി നഗർ, അനന്ത്നാഗ് ജില്ലയിലെ നൻവാൻ-പഹൽഗാം, ഗന്ധർബാൽ ജില്ലയിലെ ബൽത്താൽ എന്നീ ബേസ് ക്യാമ്പുകളിൽ നിന്നുള്ള യാത്രയാണ് നിര്‍ത്തിവച്ചത്. തെക്കൻ കശ്‌മീർ ഹിമാലയത്തിലെ 3,880 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഗുഹാക്ഷേത്രത്തിലെത്തിയ ആയിരത്തോളം തീർഥാടകർക്ക് രാവിലെ പ്രാർത്ഥന നടത്താൻ അനുവാദമുണ്ടായിരുന്നു. മോശം കാലാവസ്ഥയെത്തുടർന്ന് ഹെലികോപ്റ്റർ സർവീസും നിർത്തിവച്ചിരിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. നിലവില്‍ യാത്രപുറപ്പെട്ട എല്ലാ യാത്രക്കാരും സുരക്ഷിതരാണ്. ഓഗസ്റ്റ് ഒന്നു മുതൽ നിലവിലെ കാലാവസ്ഥയില്‍ പുരോഗതിയുണ്ടാകുമെന്ന് സംസ്ഥാന കാലാവസ്ഥാ വകുപ്പ് ഡയറക്‌ടർ സോനം ലോട്ടസ് പറഞ്ഞു.
ഞായറാഴ്‌ച 990 തീർഥാടകർ ഗുഹാക്ഷേത്രത്തിൽ രാവിലെ 10 മണി വരെ പ്രണാമമർപ്പിച്ചു. 3,18,816 പേരാണ് ഇതുവരെ ഐസ് ശിവലിംഗത്തെ കാണാന്‍ എത്തിയത്. ഈ വർഷം യാത്ര ആരംഭിച്ചത് മുതൽ 33 പേർ മരിച്ചു. ഗുഹാക്ഷേത്രത്തിന് ചുറ്റുമുള്ള പ്രദേശങ്ങളിൽ ഓക്സിജന്‍റെ അഭാവം മൂലം ഉണ്ടാകുന്ന ഹൃദയസ്‌തംഭനമാണ് മരണകാരണം.