പനാജി: ഗോവയിലെ വിദ്യാർഥികൾക്കായി ഓൺലൈൻ ക്ലാസുകൾ ഒരുക്കാൻ പദ്ധതിയിട്ട് മുഖ്യമന്ത്രി പ്രമോദ് സാവന്ത്. ഇതിനായി ദൂരദർശനും മറ്റ് സ്വകാര്യ ചാനൽ പ്ലാറ്റ്‌ഫോമുകളുമായി സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ചർച്ചകൾ നടത്തിവരികയാണെന്ന് അദ്ദേഹം പറഞ്ഞു. ഗോവയിൽ കൊവിഡ് രോഗികൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഇങ്ങനെയൊരു തീരുമാനം.
ഒൻപതാം ക്ലാസ്, പ്ലസ് വൺ വിദ്യാർത്ഥികൾക്കുള്ള പരീക്ഷകൾ റദ്ദാക്കിയതായും എല്ലാ വിദ്യാർത്ഥികൾക്കും യഥാക്രമം പത്താം ക്ലാസിലേക്കും പന്ത്രണ്ടാം ക്ലാസിലേക്കും സ്ഥാനക്കയറ്റം ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഓൺലൈൻ ക്ലാസ് സൗകര്യമൊരുക്കാൻ ദൂരദർശനെയും മറ്റ് ചാനലുകളെയും പങ്കാളികളാക്കാനാണ് സർക്കാർ തീരുമാനമെന്നും മൊബൈൽ കവറേജ് ഇല്ലാത്ത ഗ്രാമപ്രദേശങ്ങളിലേക്ക് ഇത് കൊണ്ടുപോകാൻ കഴിയുമോ എന്നത് ചർച്ചയിലൂടെ പരിഹരിക്കുമെന്നും യോഗത്തിന് ശേഷം സാവന്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
രക്ഷാകർതൃ ടീച്ചേഴ്സ് അസോസിയേഷൻ അംഗങ്ങൾ, പ്രധാനാധ്യാപകർ, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുമായാണ് ചർച്ച ചെയ്തത്. സംസ്ഥാനത്തിന് 100 ശതമാനം ഇന്റർനെറ്റ് കവറേജ് ഇല്ലാത്തതിനാൽ 100 ശതമാനം ഓൺലൈൻ വിദ്യാഭ്യാസം പ്രായോഗികമല്ല എന്നും അദ്ദേഹം വ്യക്തമാക്കി. ദീപാവലി, ക്രിസ്മസ് അവധി ദിവസങ്ങൾ വെട്ടിക്കുറയ്ക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്കൂളുകൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാൻ ജൂലൈ 15 ന് യോഗം ചേരും.