ശ്രീനഗര്‍: പൊലീസ് വീട്ടിലേക്ക് വെടിയുതിര്‍ക്കുന്നതിന് മുമ്പ് വീട്ടില്‍ ഒളിച്ച തീവ്രവാദികളോട് കീഴങ്ങാന്‍ അഭ്യര്‍ഥിച്ച് വീട്ടുടമ. ശ്രീനഗറിലെ സൂനിമാര്‍ ജില്ലയിലാണ് സംഭവം. മൂന്ന് തീവ്രവാദികളാണ് ഇദ്ദേഹത്തിന്‍റെ വീട്ടില്‍ ഒളിച്ചിരുന്നത്. സൈന്യം എത്തിയതോടെയാണ് വീട് തകരാതിരിക്കാന്‍ വീട്ടുടമ തീവ്രവാദികളോട് അഭ്യര്‍ഥിച്ചത്.
"നിങ്ങള്‍ ദയവായി പുറത്തിറങ്ങി കീഴടങ്ങണം. എന്‍റെ വീട് നശിപ്പിക്കരുത്. അടുത്ത മാസം എന്‍റെ മകളുടെ കല്യാണമാണ് ഇന്നലെ മുതല്‍ ഞാന്‍ നിങ്ങളോട് പറയുന്നതാണ് എന്‍റെ വീട്ടില്‍ നിന്ന് ഇറങ്ങാന്‍. ഇപ്പോഴെങ്കിലും പുറത്തുവരണം. ഇല്ലെങ്കില്‍ ഇവര്‍ (കശ്‌മീര്‍ പൊലീസ്) എന്‍റെ വീട് തകര്‍ക്കും". വീട്ടുടമ അഭ്യര്‍ഥിച്ചു. ഇദ്ദേഹത്തിന്‍റെ പേര് വെളിപ്പെടുത്താതെ പൊലീസ് തന്നെയാണ് സംഭവത്തിന്‍റ ഓഡിയോ പുറത്തുവിട്ടത്.
എന്നാല്‍ ഈ അഭ്യര്‍ഥന തീവ്രവാദികള്‍ സ്വീകരിച്ചില്ല. പിന്നീടുണ്ടായ വെടിവെപ്പിലാണ് മൂന്ന് തീവ്രവാദികളും കൊല്ലപ്പെട്ടത്. മേഖലയിലെ 21 ഓളം വീടുകളാണ് പൊലീസും തീവ്രവാദികളും തമ്മിലുള്ള വെടിവെപ്പില്‍ തകര്‍ന്നത്. വെടിയുതിര്‍ക്കുന്നതിന് മുമ്പ് തീവ്രവാദികളോട് കീഴടങ്ങാന്‍ നാട്ടുകാര്‍ അഭ്യര്‍ഥിച്ചിരുന്നുവെന്ന് കശ്‌മീര്‍ ഐജി വിജയ് കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.