ഇസ്ലാമാബാദ്: ഇന്ത്യ- പാകിസ്ഥാൻ സംഘർഷം തുടരുന്നതിനിടെ വീണ്ടും പ്രകോപനവുമായി പാകിസ്ഥാൻ. ഇന്ത്യയുടെ പ്രദേശങ്ങൾ ഉൾപ്പെടുത്തി പാകിസ്ഥാൻ ഭൂപടം പുറത്തിറക്കി. കശ്മീരിന്‍റെ പ്രത്യേക പദവി എടുത്ത കളഞ്ഞതിന്‍റെ ഒന്നാം വാർഷികത്തിന് മുന്നോടിയായാണ് പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍റെ നീക്കം. ജമ്മു കശ്മീരിലും ലഡാക്കിലും അവകാശവാദം ഉന്നയിച്ചാണ് പാകിസ്ഥാൻ പുതിയ ഭൂപടം പുറത്തിറക്കിയത്. യുഎന്നിലും പുതിയ ഭൂപടം അവതരിപ്പിക്കാനാണ് പാക് തീരുമാനം. ജമ്മു കശ്മീരിലെ കേന്ദ്രഭരണ പ്രദേശങ്ങളും ലഡാക്കിനെയും പാകിസ്ഥാൻ അധീനതയിലുള്ള പ്രദേശങ്ങളാക്കിയുള്ള ഭൂപടത്തിന് പാകിസ്ഥാൻ മന്ത്രിസഭ അംഗീകാരം നല്‍കി.
പാകിസ്ഥാൻ ഇന്ന് ചരിത്ര ദിനമാണെന്ന് വാർത്ത സമ്മേളനത്തില്‍ ഇമ്രാൻ ഖാൻ പറഞ്ഞു. പുതിയ ഭൂപടത്തിന് രാജ്യത്തെ എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പിന്തുണയുണ്ട്. കഴിഞ്ഞ വർഷം ഓഗസ്റ്റ് അഞ്ചിന് ഇന്ത്യൻ സർക്കാർ നടത്തിയ നിയമവിരുദ്ധ നടപടിക്കെതിരെയുള്ള പ്രതിഷേധമാണിതെന്നും അദ്ദേഹം പറഞ്ഞു.
കശ്മീരിലെ ജനങ്ങൾക്കായി പാകിസ്ഥാൻ ശ്രമം തുടരുമെന്നും സൈനിക ശക്തിയിലൂടെ അല്ല രാഷ്ട്രീയ മാർഗങ്ങളിലൂടെ മാത്രമേ തർക്കം പരിഹരിക്കാനാകൂ എന്നും ഖാൻ കൂട്ടിച്ചേർത്തു.