ന്യൂഡൽഹി: ലോക്ക് ഡൗണിൽ ഇളവുകൾ ലഭിച്ചാലും ഇപ്പോഴുള്ളത് പോലെ തന്നെ മലിനീകരണ തോത് കുറക്കാൻ സംസ്ഥാനങ്ങൾ ശ്രദ്ധിക്കണമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കർ. ലോക്ക് ഡൗണിനെ തുടർന്ന് ആളുകൾ പുറത്തിറങ്ങാതായതോടെ പരിസ്ഥിതി മലിനീകരണം വലിയ തോതിൽ കുറഞ്ഞെന്നും ഇത് തുടർന്നും നിലനിർത്തിക്കൊണ്ട് പേകാൻ ശ്രദ്ധിക്കണമെന്നും ആവശ്യപ്പെട്ട് പ്രകാശ് ജാവദേക്കർ സംസ്ഥാനങ്ങൾക്ക് കത്ത് അയച്ചു.
'ജനങ്ങൾ സാധാരണ ജീവിതത്തിലേക്ക് മടങ്ങുമ്പോൾ വീണ്ടും പരിസ്ഥിതി മലിനമാകുമോയെന്നത് വലിയ വെല്ലുവിളിയാണ്. പക്ഷേ അതേ സാഹചര്യം നിലനിർത്തിക്കൊണ്ട് തന്നെ അന്തരീക്ഷത്തെ മലിനമാക്കാതെ മുമ്പോട്ട് പോകാൻ നമുക്ക് സാധിക്കണം. മലിനീകരണത്തെ നിയന്ത്രിക്കുന്ന പാരിസ്ഥിതിക മാനദണ്ഡങ്ങളും ചട്ടങ്ങളും കർശനമായി നടപ്പാക്കണം', ജാവദേക്കർ പറഞ്ഞു.
ലോക്ക് ഡൗണിനെ തുടർന്ന് അന്തരീക്ഷ മലിനീകരണം കുറഞ്ഞതായും ജലത്തിന്‍റെ ഗുണനിലവാരം മെച്ചപ്പെട്ടതായും വിവിധ റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നുണ്ട്.