ഹൈദരാബാദ്: അടുത്ത 12 മണിക്കൂറിൽ ഹൈദരാബാദിൽ കനത്ത മഴക്ക് സാധ്യതയെന്ന് ഐഎംഡി അറിയിച്ചു. നിലവിൽ തെലങ്കാനയുടെ പടിഞ്ഞാറൻ ഭാഗങ്ങളിലുള്ള ന്യൂനമർദം പടിഞ്ഞാറ് വടക്കുപടിഞ്ഞാറോട്ട് നീങ്ങുമെന്നും ക്രമേണ ദുർബലമാകുമെന്നും ഐഎംഡി വ്യക്തമാക്കി. ഹൈദരാബാദിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്‍റെ നിർദേശപ്രകാരം സംസ്ഥാനത്തെ വെള്ളപ്പൊക്ക സാഹചര്യം ചീഫ് സെക്രട്ടറി സോമേഷ് കുമാർ അവലോകനം ചെയ്‌തു. ഹൈദരാബാദ് മുനിസിപ്പൽ കോർപറേഷന് കീഴിൽ ദുരിതാശ്വാസ ക്യാമ്പുകൾ ക്രമീകരിക്കാനും താഴ്ന്ന പ്രദേശങ്ങളിലും വെള്ളപ്പൊക്ക പ്രദേശങ്ങളിലും താമസിക്കുന്നവരെ മാറ്റാനും ജില്ലാ കലക്‌ടർമാർക്ക് നിർദേശം നൽകി.
വീടിന് പുറത്ത് പോകുന്നതിനെതിരെ ജില്ലാ ഭരണകൂടങ്ങൾ ജാഗ്രതാ നിർദേശങ്ങൾ നൽകിയിട്ടുണ്ട്. കനത്ത മഴയെ തുടർന്ന് സംസ്ഥാനത്ത് ഇതുവരെ 14 പേരാണ് മരിച്ചത്. ഹൈദരാബാദിൽ 24 മണിക്കൂറായി കനത്ത മഴയാണ് ലഭിക്കുന്നത്. കനത്ത മഴയെ തുടർന്ന് സംസ്ഥാന സർക്കാർ ഇന്നും നാളെയും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.