മുംബൈ: ബെൽഗാം ജില്ലയിലെ പരിപാടിയിൽ നിന്ന് വിലക്കിയതിന് കർണാടക സർക്കാരിനെ വിമർശിച്ച് ശിവസേന നേതാവ് സഞ്ജയ് റൗട്ട്. പാകിസ്ഥാനികള്‍ക്കും റോഹിംഗ്യകൾക്കും ഇന്ത്യയിലേക്ക് പ്രവേശിക്കാൻ കഴിയും എന്നാൽ മഹാരാഷ്ട്രക്കാർക്ക് ബെൽഗാം സന്ദർശിക്കാൻ സാധിക്കില്ല. സംസ്ഥാനത്തെ ബിജെപി സർക്കാരിന്‍റെ ഈ നിലപാട് ശരിയല്ലെന്നും സഞ്ജയ് റൗട്ട് പറഞ്ഞു. തർക്കമുണ്ടെന്ന് കരുതി നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ട ആവശ്യമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ബെൽഗാമിലെ സാംസ്‌കാരിക-സാഹിത്യ പരിപാടിയിൽ പങ്കെടുക്കാനാണ് താന്‍ പോകുന്നതെന്ന് സഞ്ജയ് റൗട്ട് വ്യക്തമാക്കി. അതിൽ പങ്കെടുക്കുമെന്നും ജനങ്ങളോട് സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ കർണാടകയിലെ ബെൽഗാം ജില്ലയിൽ നടന്ന പരിപാടിയിൽ പങ്കെടുക്കുന്നതിൽ നിന്ന് മഹാരാഷ്ട്ര മന്ത്രി രാജേന്ദ്ര പാട്ടീലിനേയും വിലക്കിയിരുന്നു. 1980കളിൽ ഭാഷാ കലാപത്തിൽ മരിച്ച മറാത്തി അനുകൂല പ്രവർത്തകരുടെ സ്‌മരണക്കായി സംഘടിപ്പിച്ച രക്തസാക്ഷി ദിന പരിപാടിയിൽ പങ്കെടുക്കുന്നതിനാണ് വിലക്ക് ഏർപ്പെടുത്തിയത്. അതിർത്തി ജില്ലയായ ബെൽഗാം വിട്ടുനൽകണമെന്ന് മഹാരാഷ്ട്ര ആവശ്യപ്പെട്ടതോടെയാണ് മഹാരാഷ്ട്ര-കർണാടക പോര് തുടങ്ങിയത്.