ന്യൂഡൽഹി: തലസ്ഥാനത്തെ ആശുപത്രികളിലെ ഐസിയു കിടക്കകളുടെ എണ്ണം മൂന്നിരട്ടി വർധിപ്പിച്ചുവെന്ന് ഡൽഹി സർക്കാർ. കൊവിഡ് ചികിത്സക്കായി എൽഎൻജെപി, രാജീവ് ഗാന്ധി, ജിടിപി ആശുപത്രികളിലെ ഐസിയു സൗകര്യങ്ങളാണ് വർധിപ്പിച്ചത്.
കൊവിഡ് ചികിത്സക്ക് 45 ഐസിയു കിടക്കകൾക്ക് പകരമായി 200 കിടക്കകൾ വരെയാണ് വർധിപ്പിച്ചതെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു. ഐസിയു കിടക്കകൾ വർധിപ്പിക്കുന്നതു വഴി മെച്ചപ്പെട്ട ചികിത്സ നൽകാനാകുമെന്നും മരണ നിരക്ക് കുറക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലോക് നായക് ആശുപത്രിയിൽ 60 കിടക്കകൾക്ക് പകരം 180 കിടക്കകളും രാജീവ് ഗാന്ധി ആശുപത്രിയിൽ 45 കിടക്കകൾക്ക് പകരം 200 കിടക്കകളുമാണ് വർധിപ്പിച്ചത്. ഗുരു തേഗ് ബഹദൂർ ആശുപത്രിയിൽ 31ന് പകരം 66 കിടക്കകളും ഏർപ്പെടുത്തി. തലസ്ഥാനത്ത് നടത്തിയ സെറോസർവേ പ്രകാരം ഡൽഹിയിലെ 1.9 കോടി ജനസംഖ്യയുടെ 23%ത്തിലധികം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഡൽഹിയിലെ 11 ജില്ലകൾക്കായി സർവേ ടീം രൂപീകരിച്ച് 20000ത്തിലധികം ആളുകളുടെ സാമ്പിളുകൾ ശേഖരിച്ചിരുന്നു. ഐസിഎംആർ അംഗീകരിച്ച കൊവിഡ് കവച് എലീസ പരിശോധന വഴി ആളുകളിലെ ഇമ്മ്യൂണോഗ്ലോബുലിൻ ജി ആന്‍റിബോഡിയുടെ സാന്നിധ്യം കണ്ടെത്താനായിരുന്നു പരിശോധന നടത്തിയത്. 23.48 ശതമാനം ആളുകളിൽ ഇമ്മ്യൂണോഗ്ലോബുലിൻ ജി ആന്‍റിബോഡിയുടെ സാനിധ്യം കണ്ടെത്തിയിട്ടുണ്ട്. രാജ്യ തലസ്ഥാനത്ത് നിലവിൽ 15,288 സജീവ കേസുകളാണ് ഉള്ളത്. ഇതുവരെ ഡൽഹിയിൽ 3,690 പേരാണ് കൊവിഡ് മൂലം മരിച്ചത്.