ഭുവനേശ്വര്‍: ഒഡിഷയില്‍ നാലാമത്തെ കൊവിഡ് പരിശോധന കേന്ദ്രത്തിന് അനുമതി നല്‍കി ഐ.സി.എം.ആര്‍. ഭുവനേശ്വറിലെ എം.കെ.സി.ജി മെഡിക്കല്‍ കോളജിനാണ് കൊവിഡ് പരിശോധന നടത്താന്‍ അനുമതി നല്‍കിയിരിക്കുന്നത്. ഏപ്രില്‍ 13 മുതലാണ് ആശുപത്രിയില്‍ പരിശോധന ആരംഭിക്കുന്നത്. സംസ്ഥാനത്തെ നാലാമത്തെ കൊവിഡ് പരിശോധന കേന്ദ്രമാണിത്. ഒഡിഷയുടെ തെക്കന്‍ മേഖലയെ ലക്ഷ്യമാക്കിയാണ് എം.കെ.സി.ജി മെഡിക്കല്‍ കോളജിന് അനുമതി നല്‍കിയതെന്ന് ഇൻഫർമേഷൻ ആന്‍റ് പബ്ലിക് റിലേഷൻസ് സെക്രട്ടറി സഞ്ചയ് സിങ് വ്യക്തമാക്കി. പ്രതിദിനം 1000 സാമ്പിളുകള്‍ വരെ പരിശോധിക്കാന്‍ കഴിയുന്ന വിധം ആധുനിക സജ്ജീകരണങ്ങളാണ് ആശുപത്രിയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
മുംബൈയില്‍ നിന്നും ഒഡിഷ സര്‍ക്കാര്‍ പ്രത്യേക വിമാനത്തില്‍ കൊവിഡ് 19 ടെസ്റ്റ് കിറ്റുകള്‍ എത്തിച്ചിട്ടുണ്ട്. കട്ടകിലെ എസ്.സി.ബി മെഡിക്കല്‍ കോളജ്, എംയിസ് ഭുവനേശ്വര്‍,ഐസിഎംആര്‍ ആര്‍എംആര്‍സി ഭുവനേശ്വര്‍ എന്നിവടങ്ങളിലാണ് നിലവില്‍ കൊവിഡ് പരിശോധന നടത്തുന്നത്. ഒരു മരണമുള്‍പ്പടെ ഇതുവരെ 50 പേര്‍ക്കാണ് നിലവില്‍ കൊവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്.