ന്യൂഡൽഹി: ഡൽഹി കലാപത്തിൽ ഐബി ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ട സംഭവത്തിൽ അറസ്റ്റിലായ ആംആദ്‌മി നേതാവ് താഹിർ ഹുസൈനെ ഏഴ് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് രാകേഷ് കുമാർ രാംപുരിക്ക് മുമ്പാകെയാണ് താഹിർ ഹുസൈനെ ഹാജരാക്കിയത്. വ്യാഴാഴ്‌ചയാണ് ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ താഹിർ ഹുസൈനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്യുന്നത്.
ഡൽഹി സംഘർഷത്തിനിടയിൽ ജാഫ്രാബാദിലെ അഴുക്കുചാലില്‍ നിന്നാണ് ശർമയുടെ മൃതദേഹം കണ്ടെടുത്തത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഇയാളെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയെന്ന് കണ്ടെത്തിയിരുന്നു. ശർമയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് താഹിർ ഹുസൈനെ പൊലീസ് അറസ്റ്റ് ചെയ്‌തത്.