ന്യൂഡല്‍ഹി: ബലിപെരുന്നാളിനോടനുബന്ധിച്ച് ഇന്ത്യയില്‍ ഇസ്ലാമിക് സ്റ്റേറ്റിന്‍റെ നേതൃത്വത്തില്‍ ആക്രമണമുണ്ടാകാമെന്ന് ഇന്‍റലിജന്‍സ് ബ്യൂറോ മുന്നറിയിപ്പ്. ഐഎസ് പിന്തുണയുള്ള ജിഹാദി ഭീകരസംഘടനകൾ ജമ്മു കശ്‌മീരിലും രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങളിലും തീവ്രവാദ പ്രവർത്തനങ്ങൾ നടത്തിയേക്കുമെന്ന് സംസ്ഥാന പൊലീസ് യൂണിറ്റുകളും പൊലീസ് ആസ്ഥാനങ്ങളും വെള്ളിയാഴ്‌ച പുറത്തിറക്കിയ രഹസ്യ റിപ്പോർട്ടിൽ പറയുന്നു.
ബസ് സ്റ്റോപ്പുകൾ, റെയിൽവേ സ്റ്റേഷനുകൾ, വിമാനത്താവളങ്ങൾ, മറ്റ് പ്രധാന സ്ഥലങ്ങൾ എന്നിവ ലക്ഷ്യമിട്ടാണ് ഇസ്ലാമിക് സ്റ്റേറ്റും പാകിസ്ഥാന്‍ കേന്ദ്രീകൃത തീവ്രവാദ സംഘടനകളും ആക്രമണങ്ങൾ ആസൂത്രണം ചെയ്യാനിടയുള്ളതെന്നും ഐബി മുന്നറിയിപ്പ് നല്‍കുന്നു. ദീർഘകാലമായി ഐഎസിന് ഇന്ത്യയിൽ ഭീകരത പ്രചരിപ്പിക്കാൻ കഴിഞ്ഞിട്ടില്ലെങ്കിലും ജമ്മുകശ്‌മീർ സംബന്ധിച്ച സർക്കാർ തീരുമാനത്തില്‍ പ്രകോപിതരായിട്ടുണ്ടെന്നും ഐബി വൃത്തങ്ങൾ പറയുന്നു.
ശ്രീലങ്കയിൽ ഈസ്റ്റർ ദിനത്തിൽ ഉണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് തീവ്രവാദ പ്രവര്‍ത്തനങ്ങൾ പരിശോധിക്കാൻ ദേശീയ ഇന്‍റലിജൻസ് ഏജൻസി അടുത്തിടെ കേരളം ഉൾപ്പെടെ നിരവധി സംസ്ഥാനങ്ങളില്‍ അന്വേഷണം നടത്തിയിരുന്നു.