ശത്രുസേനയുടെ വിമാനം(എഫ് 16) വെടിവെച്ചിടുന്നതിനിടെ സ്വന്തം വിമാനം (മിഗ് 21 ബൈസണ്‍) തകര്‍ന്ന് പാക് സേനയുടെ കൈയില്‍ അകപ്പെട്ട വ്യോമസേന വൈമാനികന്‍ അഭിനന്ദന്‍ വര്‍ധമാന്‍റെ മോചനത്തിന് കാരണം മോദിയുടെ മുന്നറിയിപ്പെന്ന് ബിജെപി നേതാവും കർണാടക മുന്‍ മുഖ്യമന്ത്രിയുമായ ബി എസ് യെദ്യുരപ്പ. ബെംഗളൂരുവിലും ചുറ്റുവട്ടവുമുള്ള ഏഴ് ലോക്സഭ മണ്ഡലങ്ങളിലെ പ്രവർത്തകരുമായി തെരഞ്ഞെടുപ്പ് പ്രചരണങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഭിനന്ദന് എന്തെങ്കിലും സംഭവിച്ചാല്‍ ശക്തമായ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് പാകിസ്ഥാന് പ്രധാനമന്ത്രി നരേന്ദ്രമോദി കര്‍ശന മുന്നറിയിപ്പ് നല്‍കിയിരുന്നെന്നും യെദ്യുരപ്പ പറഞ്ഞു. അഭിനന്ദൻ വർധമാന്റെ ധീരത പ്രശംസനീയമാണ്. വിമാനം തകര്‍ന്ന് പാകിസ്ഥാനിൽ പാരച്ച്യൂട്ടിൽ ഇറങ്ങിയ അഭിനന്ദന്‍ തന്‍റെ കൈവശമുള്ള രേഖകൾ പാക് സൈന്യത്തിന് ലഭിക്കാതിരിക്കാൻ വിഴുങ്ങി. ഇന്ത്യൻ പൈലറ്റിന്റെ ദേശസ്നേഹത്തിന്റെ അടയാളമാണിതെന്നും യെദ്യുരപ്പ വ്യക്തമാക്കി.
പാകിസ്ഥാന്‍റെ പിടിയിലായതിന് ശേഷം മണിക്കൂറുകള്‍ നീണ്ടുനിന്ന അവ്യക്തതകള്‍ക്കൊടുവില്‍ ഇന്നലെ രാത്രിയോടെയാണ് വാഗാ അതിര്‍ത്തിയില്‍ വച്ച് അഭിനന്ദനെ ഇന്ത്യക്ക് കൈമാറിയത്. ഫെബ്രുവരി 27നാണ് അഭിനന്ദന്‍ വര്‍ധമാന്‍ പാക് സേനയുടെ പിടിയിലായത്.