ന്യൂഡൽഹി: പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായി തുടരാൻ തനിക്ക് താത്പര്യമില്ലെന്ന് പാർട്ടിയെ അറിയിച്ച് തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജി. സംസ്ഥാനത്തെ തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടതിൽ ചര്‍ച്ച ചെയ്യാന്‍ തൃണമൂല്‍ ഇന്ന് അടിയന്തര യോഗം വിളിച്ചിരുന്നു. തെരഞ്ഞെടുപ്പിന് ശേഷം ആദ്യമായി വിളിച്ച് ചേർത്ത വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ.
പാര്‍ട്ടിയോട് ആറ് മാസമായി രാജിക്കാര്യം പറയുന്നുണ്ട്. കഴിഞ്ഞ ആറ് മാസമായി താൻ അധികാരമില്ലാത്ത ദുര്‍ബലയായ മുഖ്യമന്ത്രിയായിരുന്നു. എനിക്ക് മുഖ്യമന്ത്രിയായി തുടരാന്‍ താല്‍പര്യമില്ലെന്നും മമത പറഞ്ഞു. തനിക്ക് പാര്‍ട്ടിയാണ് ഏറ്റവും പ്രധാനം എന്നാൽ താൻ മുഖ്യമന്ത്രിയായി തുടരണമെന്നാണ് പാർട്ടി ആവശ്യപ്പെട്ടത്. പാർട്ടിയുടെ അധ്യക്ഷ മാത്രമായി തുടരാനുള്ള തന്‍റെ തീരുമാനം യോഗം അംഗീകരിച്ചില്ലെന്നും മമത കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസിന്‍റെ പരാജയത്തിന്‍റെ ഉത്തരാവാദിത്തം ഏറ്റെടുത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി തന്‍റെ രാജി സന്നദ്ധത അറിയിച്ചതിന് പിന്നാലെയാണ് മമതയുടെ പ്രഖ്യാപനം.
2014ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 34 സീറ്റ് നേടിയിരുന്ന തൃണമൂല്‍ കോണ്‍ഗ്രസിന് 22 സീറ്റിലേയ്ക്ക് ചുരുക്കിയ ബിജെപി ഇത്തവണ ബംഗാളില്‍ വലിയ മുന്നേറ്റമാണ് നടത്തിയത്. പശ്ചിമ ബംഗാളിന്‍റെ പടിഞ്ഞാറന്‍ മേഖലകളിലെ മണ്ഡലങ്ങളില്‍ ഭൂരിഭാഗവും ബിജെപി പിടിച്ചെടുത്തു.