നിയന്ത്രണ രേഖ മറികടന്ന് ബലാക്കോട്ടില്‍ ഇന്ത്യ നടത്തിയ ആക്രമണത്തില്‍ തനിക്ക് അപകടമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാകിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭീകരസംഘടന ജെയ്ഷെ ഇ മുഹമ്മദിന്‍റെ നേതാവ് മസൂദ് അസ്ഹര്‍. ജെയ്‌ഷെ ഇ മുഹമ്മദിന്‍റെ മുഖമാസികയില്‍ 'സാദി' എന്ന തൂലിക നാമത്തില്‍ എഴുതിയ കോളത്തിലാണ് അസ്ഹര്‍ ഇക്കാര്യം പറഞ്ഞത്.
താന്‍ പൂര്‍ണ്ണ ആരോഗ്യവാനാണെന്നും തനിക്ക് യാതൊന്നും സംഭവിച്ചിട്ടില്ലെന്നും പുല്‍വാമ ഭീകരാക്രമണത്തിന്‍റെ മുഖ്യ സൂത്രധാരന്‍ അസ്ഹര്‍ പറയുന്നു. ഇന്ത്യ അവകാശപ്പെടുന്നത് പോലെ ജെയ്‌ഷെ ഇ മുഹമ്മദിന്‍റെ ക്യാമ്പിനും തനിക്കും ഒന്നും സംഭവിച്ചിട്ടില്ല. പുല്‍വാമ ആക്രമണത്തില്‍ചാവേറായി പ്രവര്‍ത്തിച്ച ആദില്‍ അഹമ്മദ് ദര്‍ നടത്തിയ അക്രമം കശ്മീരിൽ മികച്ച കാര്യമായി മാറും. ആദില്‍ അഹമ്മദ് ദര്‍ തുടങ്ങിവച്ച തീ അടുത്ത കാലത്തൊന്നും അണയ്ക്കാന്‍ കഴിയില്ലായെന്നും അസ്ഹര്‍ പറയുന്നു.
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അടിസ്ഥാനരഹിതമായ കാര്യങ്ങളാണ് തനിക്കു മേൽ ഉന്നിയിക്കുന്നതെന്നുംഅസ്ഹർ കൂട്ടിച്ചേർത്തു. ഇന്ത്യ നടത്തിയ ബലാക്കോട്ട് ആക്രമണത്തിൽ മസൂദ് അസ്ഹറിന് ഗുരുതരമായി പരിക്കേറ്റെന്നും അസ്ഹറിനെ പാകിസ്ഥാന്‍ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തുടർന്ന് അസ്ഹര്‍ മരിച്ചുവെന്നും അഭ്യൂഹങ്ങളുണ്ടായി. ജെയ്ഷെ ഇ മുഹമ്മദ് ഈ റിപ്പോര്‍ട്ടുകള്‍ നിഷേധിച്ചിരുന്നു.