ഹൈദരാബാദ്: വെറ്റിറിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ നാല് പ്രതികളുടെ മൃതദേഹങ്ങള്‍ മഹാഭുബ്‌നഗര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ നിന്ന് ഗാന്ധി ആശുപത്രിയിലേക്ക് മാറ്റി.
ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് മൃതദേഹങ്ങള്‍ ഗാന്ധി മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്. ഡിസംബര്‍ 13 വരെ മൃതദേഹങ്ങള്‍ അവിടെ സൂക്ഷിക്കും. തുടര്‍ നടപടികള്‍ക്കായി കേസ് ഈ മാസം 13 ന് ഹൈക്കോടതി പരിഗണിക്കും.
അതേസമയം നാളെ സുപ്രീംകോടതിയും കേസ് പരിഗണിക്കുന്നുണ്ട്. ഏറ്റുമുട്ടലില്‍ ഉള്‍പ്പെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നാണ് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ഏറ്റുമുട്ടലിൽ പങ്കെടുത്ത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാനും ഹര്‍ജിയില്‍ ആവശ്യമുണ്ട്.
പ്രതികളായ മുഹമ്മദ് ആരിഫ്, നവീൻ, ശിവ, ചെന്നകേശാവുലു എന്നിവർ ഡിസംബര്‍ 6ന് രാവിലെയാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുന്നത്. തെളിവെടുപ്പിന് കൊണ്ടുവന്ന സമയത്ത് രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ വെടിവെക്കുകയായിരുന്നുവെന്നാണ് പൊലീസ് വിശദീകരണം. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ തെലങ്കാന സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. നവംബര്‍ 27നാണ് വെറ്റിറിനറി ഡോക്ടര്‍ കൂട്ട ബലാത്സംഗം ചെയ്യപ്പെട്ട് കൊല്ലപ്പെടുന്നത്. യുവതിയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത് നവംബര്‍ 28നാണ്.