ഹൈദരാബാദ്: രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം തെലങ്കാനയില്‍ വീണ്ടും ശക്തമായ മഴ. കനത്ത മഴയില്‍ ഹൈദരാബാദിലെ ബാലനഗർ തടാകം കരകവിഞ്ഞ് ഒഴുകിയതോടെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. മഴക്കെടുതിയില്‍ മൂന്ന് പേരാണ് ഇന്നലെ മാത്രം മരിച്ചത്. ഹൈദരാബാദ്- സെക്കന്തരാബാദ് എന്നിവിടങ്ങളിലെ വിവിധ പ്രദേശങ്ങളില്‍ റോഡ് നിറഞ്ഞ് മഴവെള്ളം ഒഴുകാൻ തുടങ്ങിയതോടെ വാഹനങ്ങൾ ഒഴുകി പോകുകയാണ്. ശക്തമായ മഴയില്‍ ഖൈറാതബാദ്, കുക്കട്‌പള്ളി, ഹൈ ടെക് സിറ്റി, മെഹദിപട്ടണം, ആട്ടാപൂർ, അരുന്ധതി നഗർ, ഉപ്പല്‍, എല്‍ബി നഗർ, സെക്കന്തരാബാദ് എന്നിവിടങ്ങൾ പൂർണമായും വെള്ളത്തിനടിയിലായി. മലക്ക്പേട്ട്, യശോദ ആശുപത്രി എന്നിവിടങ്ങളിലായി മൂന്ന് പേർ ഷോക്കേറ്റ് മരിച്ചു.
മജീദ്‌പൂരിലെ ബാദാസിൻഗരാമില്‍ രണ്ട് യാത്രക്കാരുമായി കാർ ഒഴുകി പോയി. തടാകങ്ങൾ കരകവിഞ്ഞതോടെ നിരവധി കോളനികളാണ് വെള്ളത്തിനടിയിലായത്. ശനിയാഴ്ച മാത്രം ഗട്ട്കേസറില്‍ 19 സെന്‍റിമീറ്റർ മഴയാണ് പെയ്തത്. നാഗോൾ- 16.9 സെന്‍റീമീറ്റർ, എല്‍ബി നഗർ - 16.4 സെന്‍റീമീറ്റർ, ഹബ്‌സിഗുഡ - 14.9 സെന്‍റീമീറ്റർ, രാമനാഥപൂർ -14.7 സെന്‍റീമീറ്റർ, ഉപ്പല്‍ 14.7 സെന്‍റീമീറ്റർ വീതവും മഴ പെയ്തു.
സംസ്ഥാനത്ത് നൂറ്റാണ്ടിനിടെ പെയ്യുന്ന ശക്തമായ മഴയാണിത്. പല ഭാഗങ്ങളിലും വൈദ്യുതി ബന്ധം പൂർണമായും നിലച്ചു. കനത്ത മഴയില്‍ ഇതുവരെ അൻപതോളം പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. കോടികണക്കിന് രൂപയുടെ നാശ നഷ്ടമാണ് സംസ്ഥാനത്ത് ഇതുവരെ ഉണ്ടായത്.