ഇസ്ലാമാബാദ്: പാക് അധിനിവേശ കശ്‌മീരില്‍ നിന്നുള്ള ആളുകൾ നിയന്ത്രണ രേഖയിലേക്ക് മാര്‍ച്ച് നടത്തി. ആയിരക്കണക്കിന് കശ്‌മീരികളാണ് ശനിയാഴ്‌ച വാഹനങ്ങളിലും മോട്ടോർ ബൈക്കുകളിലുമായി 'സ്വാതന്ത്ര്യ മാര്‍ച്ചി'ല്‍ അണിനിരന്നത്. ജമ്മു കശ്‌മീരിന് പ്രത്യേക പദവി നൽകിയ ആർട്ടിക്കിൾ 370 റദ്ദാക്കിയതില്‍ പ്രതിഷേധിച്ചാണ് മാര്‍ച്ച് സംഘടിപ്പിച്ചത്.
പാകിസ്ഥാനിലെത്തിയ യുഎസ് സെനറ്റർ ക്രിസ് വാൻ ഹോളന് കശ്‌മീര്‍ സന്ദര്‍ശിക്കാനുള്ള അനുമതി ഇന്ത്യന്‍ സര്‍ക്കാര്‍ നിഷേധിച്ച സംഭവത്തിന് തൊട്ടുപിന്നാലെയാണ് പ്രതിഷേധമാര്‍ച്ച് നടത്തിയത്. പാകിസ്ഥാൻ ഭരണത്തിലുള്ള കശ്‌മീരിലെ പ്രക്ഷോഭകർ ഇരു രാജ്യങ്ങളിൽ നിന്നും കശ്‌മീരിന്‍റെ സ്വാതന്ത്ര്യത്തിനായി ആഹ്വാനം ചെയ്‌തു. ജമ്മു കശ്‌മീര്‍ ലിബറേഷൻ ഫ്രണ്ട് നേതാവ് യാസിൻ മാലിക്കിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് റാലി സംഘടിപ്പിച്ചത്. റാലി യഥാർഥ അതിർത്തി പ്രദേശത്ത് എത്തുന്നത് തടയാൻ നിയന്ത്രണ രേഖയിൽ നിന്ന് ഏതാനും കിലോമീറ്റർ അകലെയായി പൊലീസ് ബാരിക്കേഡുകൾ സ്ഥാപിച്ചിരുന്നു. രണ്ടുമാസമായി കർഫ്യൂ തുടരുന്ന പ്രദേശത്തെ ജനങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് മാര്‍ച്ച് സംഘടിപ്പിച്ചത്.