ചെന്നൈ: കാഞ്ചീപുരത്ത് നൂറ്റാണ്ടുകള്‍ പഴക്കുള്ള കുലംബേശ്വരര്‍ ക്ഷേത്രം പൊളിക്കുന്നതിനിടെ സ്വര്‍ണ നിധി കണ്ടെത്തി. കാലപ്പഴക്കത്തെ തുടര്‍ന്ന് തകര്‍ന്ന് തുടങ്ങിയ ക്ഷേത്രം പുതുക്കി പണിയുന്നതിനായി പൊളിച്ചപ്പോഴാണ് തുണിയില്‍ കെട്ടിയ നിലയില്‍ സ്വര്‍ണാഭരണങ്ങള്‍ കണ്ടെത്തിയത്.
രണ്ടാം കുലൊതുങ്ക ചോള ഭരണകാലത്താണ് കാഞ്ചീപുരത്തെ ഉത്തിരമേരൂരില്‍ ക്ഷേത്രം നിര്‍മിക്കുന്നത്. ക്ഷേത്ര കമ്മറ്റിയുടെ തീരുമാനത്തെ തുടര്‍ന്ന് ക്ഷേത്രം പുതുക്കി പണിയുന്നതിനായി ക്ഷേത്രത്തിന്‍റെ മുന്‍ കവാടം പൊളിച്ചപ്പോഴാണ് സ്വര്‍ണാഭരണങ്ങള്‍ കണ്ടെത്തിയത്. എന്നാല്‍ റവന്യു വകുപ്പിന്‍റെ അനുമതിയില്ലാതെയാണ് ക്ഷേത്രം പൊളിച്ചതെന്നും വിവരം ലഭിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തി സ്വര്‍ണം കണ്ടെടുത്തതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു. 800 ഗ്രാം സ്വര്‍ണാഭരണങ്ങളാണ് കണ്ടെടുത്തത്.
ഇതിനെ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥയുമുണ്ടായി. ഇതില്‍ കുറച്ച് സ്വര്‍ണം ചിലര്‍ വീടുകളില്‍ കൊണ്ടു പോയതായും പരാതിയുണ്ട്. 16-ാം നൂറ്റാണ്ടില്‍ ജനങ്ങള്‍ സ്വര്‍ണം ഉപയോഗിച്ചിരുന്നെന്നും അധിനിവേശക്കാര്‍ എത്തിയപ്പോള്‍ സ്വര്‍ണാഭരണങ്ങളെല്ലാം കുഴിച്ചിട്ടുവെന്നുമാണ് വിശ്വാസം.