വിശാഖപട്ടണം: ഹിന്ദുസ്ഥാൻ കപ്പൽ നിർമാണശാലയിലെ ക്രെയിൻ തകർന്ന് മരിച്ചവരുടെ ബന്ധുക്കൾക്ക് 50 ലക്ഷം രൂപ സഹായ ധനം നൽകുമെന്ന് ഹിന്ദുസ്ഥാൻ ഷിപ്പ് യാർഡ് ലിമിറ്റഡ് (എച്ച്എസ്എൽ). മരിച്ചവരുടെ കുടുംബത്തിലെ ഒരാൾക്ക് തൊഴിൽ നൽകുമെന്നും കമ്പനി അറിയിച്ചു.
എച്ച്എസ്എൽ ചെയർമാനും മാനേജിങ് ഡയറക്ടറുമായ (സിഎംഡി) ശരത് ബാബു ആണ് ഇക്കാര്യം അറിയിച്ചത്. ഓഗസ്റ്റ് ഒന്നിന് വിശാഖപട്ടണത്തെ എച്ച്എസ്എല്ലിൽ ക്രെയിൻ തകർന്ന് 11 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. കൊല്ലപ്പെട്ട 11 പേരിൽ നാല് പേർ എച്ച്എസ്എൽ ജോലിക്കാരും ഏഴ് കരാർ ഏജൻസി തൊഴിലാളികളുമാണ്. കരാറുകാരൻ അനുപം എഞ്ചിനിയേഴ്‌സും ഗ്രീൻഫീൽഡും ചേർന്ന് നിർമിച്ച ക്രെയിനിന്‍റെ ലോഡ് കപ്പാസിറ്റി പരിശോധിക്കുന്നതിനിടെയാണ് സംഭവം. പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.