വൈറസ് വ്യാപനം കൈകാര്യം ചെയ്തതിൽ എങ്ങനെയാണ് ട്രംപ് പരാജയപെട്ടത്?
കരുത്തും മേധാശക്തിയും അവര്‍ക്കുണ്ട്. ശാസ്ത്ര സാങ്കേതിക രംഗത്തെ ലോക നേതാക്കളുമാണവര്‍. പക്ഷെ ഒരു സൂക്ഷ്മാണു ആ രാഷ്ട്രത്തെ കിടുകിടെ വിറപ്പിക്കുന്നു. മുന്‍പ് ഒരിക്കലും ഇല്ലാത്ത വിധം ഈ സൂപ്പര്‍ പവര്‍ പരാജയപ്പെടുകയാണ്. പകര്‍ച്ച വ്യാധികള്‍ നേരിടുന്നതിനുള്ള തയ്യാറെടുപ്പിൻ്റെ കാര്യത്തില്‍ 83.5 സ്‌കോറോടു കൂടി ലോകത്ത് ഒന്നാം റാങ്ക് വഹിക്കുന്ന യുഎസ് കൊവിഡ്-19 നെ നേരിടുന്ന കാര്യത്തില്‍ പരിതാപകരമാം വിധം പരാജയപ്പെട്ടു.
ഈ മഹാമാരിയെ കുറിച്ച് ശക്തമായ സൂചനകളും മുന്നറിയിപ്പുകളുമെല്ലാം ഉണ്ടായിട്ടും അതിൻ്റെ വ്യാപനം തടയുവാന്‍ യുഎസിനായില്ല. സാമ്പത്തിക മാന്ദ്യത്തെ കുറിച്ചുള്ള ഭയവും തങ്ങളുടെ ആരോഗ്യ പരിപാലന സംവിധാനത്തെ കുറിച്ചുള്ള അമിത ആത്മവിശ്വാസവും അവഗണനയും മുന്‍ കരുതല്‍ നടപടികള്‍ ഒന്നും തന്നെ എടുക്കാതെ പോയതുമാണ് ഇങ്ങനെ ഒരു ദുരന്ത ചിത്രമായി അമേരിക്ക മാറുവാന്‍ ഇടയായതെന്ന് വിദഗ്‌ദര്‍ വിലയിരുത്തുന്നു. യുദ്ധകാല പ്രസിഡൻ്റ് എന്ന് തന്നെ സ്വയം വിശേഷിപ്പിക്കുന്ന ഡൊണാള്‍ഡ് ട്രംപ് വൈറസ് പൊട്ടി പുറപ്പെട്ട തുടക്ക ദിവസങ്ങളില്‍ ശാസ്ത്രീയമായ തെളിവുകളേയും വസ്തുതകളേയും അവഗണിച്ചു. ട്രംപിന്‍റെ കഴിവുകേടാണ് അമേരിക്കയെ ഇന്ന് വലിയ പ്രതിസന്ധിയില്‍ കൊണ്ടെത്തിച്ചിരിക്കുന്നത്.
ഈ പകര്‍ച്ച വ്യാധിക്ക് മുന്നില്‍ സമ്പന്നരും ഏറെ പുരോഗമിച്ചവരുമായ നിരവധി രാഷ്ട്രങ്ങള്‍ക്ക് മുട്ട് വിറക്കുകയാണ്. യുഎസ്, ഇറ്റലി, സ്‌പെയിന്‍, ഫ്രാന്‍സ് എന്നിവയാണ് ഏറ്റവും കൂടുതല്‍ ബാധിക്കപ്പെട്ടവര്‍. അമേരിക്കന്‍ ഭരണ കൂടത്തിലെ ഉന്നത ശ്രേണികളുള്ളവരുടെ കഴിവുകേടും, പരിശോധനാ കിറ്റുകളുടെ ദൗര്‍ലഭ്യവും, വൈദ്യ ഉപകരണങ്ങള്‍ ഇല്ലാത്തതും, ഫെഡറല്‍ സര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള ഏകോപനമില്ലായ്മയുമാണ് പ്രധാന പ്രശ്‌നങ്ങള്‍. ഓരോ 10 ലക്ഷം പേരിലും 8000 പേരെ വീതം ദക്ഷിണ കൊറിയ പരിശോധനക്ക് വിധേയരാക്കിയെങ്കില്‍, കഴിഞ്ഞയാഴ്‌ച അവസാനിച്ചപ്പോഴും വെറും 3300 പേരെയാണ് യു എസ് പരിശോധനക്ക് വിധേയമാക്കിയിട്ടുള്ളത്. ഇപ്പോഴും വൈറസിനെതിരെ പോരാടുവാനുള്ള ദേശ വ്യാപകമായ ഒരു നയം അവിടെ ഇല്ല. നിരവധി യുഎസ് സംസ്ഥാനങ്ങള്‍ ഇനിയും അടച്ചു പൂട്ടല്‍ പ്രഖ്യാപിച്ചിട്ടില്ല. അനിയന്ത്രിതമായ ജനക്കൂട്ടങ്ങള്‍ മൂലം വൈറസിൻ്റെ വ്യാപനം അതിഭീമമായിരുന്നു. കഴിഞ്ഞ ആഴ്‌ച മാത്രമാണ് ഫ്‌ളോറിഡ അടച്ചു പൂട്ടല്‍ നടപ്പാക്കിയത്.
ഈ മഹാമാരി ജീവനുകള്‍ അപഹരിച്ചു തുടങ്ങിയപ്പോള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നിരവധി നടപടികള്‍ കൈകൊണ്ടു ട്രംപ് സര്‍ക്കാര്‍. ഒരു സാമ്പത്തിക ഉത്തേജക പാക്കേജ് പ്രഖ്യാപിച്ചതിനു പുറമെ സര്‍ക്കാര്‍ മാസ്‌കുകളും വെൻ്റിലേറ്ററുകളും മരുന്നുകളും മറ്റ് രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യാന്‍ തുടങ്ങി. സൈന്യത്തെ വിന്യസിച്ചു. ന്യൂയോര്‍ക്ക് പോലുള്ള ഹോട്ട് സ്‌പോട്ടുകളിലേക്ക് സൈനിക ഡോക്ടര്‍മാരെ പറഞ്ഞയച്ചു. ന്യൂയോര്‍ക്കിലെ ജാവിഡ്‌സ് കണ്‍വെന്‍ഷന്‍ സെൻ്റർ ഏറ്റവും വലിയ ആശുപത്രിയിലൊന്നാക്കി മാറ്റി സൈന്യത്തിലെ എഞ്ചിനീയര്‍മാര്‍. 18 സംസ്ഥാനങ്ങളിലായി 22 താല്‍ക്കാലിക ആശുപത്രികള്‍ പണിതു. ആശുപത്രികളില്‍ പരിശോധനകള്‍ വര്‍ദ്ധിപ്പിച്ചു. 1.17 കോടി എന്‍-95 മാസ്‌കുകളും, 2.65 കോടി സര്‍ജിക്കല്‍ മാസ്‌കുകളും, 23 ലക്ഷം സാധാരണ മാസ്‌കുകളും, 44 ലക്ഷം സര്‍ജിക്കല്‍ ഗൗണുകളും, 2.26 കോടി കൈയ്യുറകളും രാജ്യത്താകമാനം വിതരണം ചെയ്തതായി സര്‍ക്കാര്‍ പറയുന്നു. 20 സൈനിക വിമാനങ്ങള്‍ ഉപയോഗിച്ച് വിവിധ രാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്തതാണ് ഇവയെല്ലാം.
ലോകാരോഗ്യ സംഘടന വൈറസ് സംബന്ധിച്ച കാര്യങ്ങളില്‍ തങ്ങളെ തെറ്റിദ്ധരിപ്പിച്ചു എന്ന് ട്രംപ് ആരോപിക്കുന്നു എങ്കിലും അദ്ദേഹം ഒരിക്കലും വൈദ്യ ശാസ്ത്ര വിദഗ്‌ദര്‍ക്ക് ചെവി കൊടുത്തില്ല എന്ന ആരോപണവും ഉയരുന്നു. ജനുവരി- 21 നാണ് യു എസില്‍ ആദ്യത്തെ കൊവിഡ്-19 കേസ് ഉണ്ടായത്. ജനുവരി-23 നാണ് വൈറസിൻ്റെ പ്രഭവ കേന്ദ്രമായ വുഹാന്‍ ചൈന അടച്ചു പൂട്ടുന്നത്. തൊട്ടടുത്ത ദിവസം ട്രംപ് അവകാശപ്പെട്ടത് യു എസ് എല്ലാം നിയന്ത്രണ വിധേയമാക്കിയിരിക്കുന്നു എന്നാണ്. ഫെബ്രുവരി-28 ന് യു എസിലെ ആദ്യത്തെ കൊവിഡ്-19 മരണം രേഖപ്പെടുത്തി. അത് ഒരു സമൂഹ വ്യാപന കേസായിരുന്നതിനാല്‍ അപകട മണികള്‍ മുഴങ്ങി. എന്നാല്‍ ആ ആഴ്‌ച വൈറസ് അല്‍ഭുതകരമാം വിധം അപ്രത്യക്ഷമാകും എന്നാണ് ട്രംപ് പ്രഖ്യാപിച്ചത്. മാര്‍ച്ച്-6 ന് ലണ്ടനിലെ ഇംപീരിയല്‍ കോളേജിലെ ഒരു സംഘം പകര്‍ച്ച വ്യാധി വിദഗ്‌ദര്‍ നല്‍കിയ മുന്നറിയിപ്പ് പ്രകാരം സര്‍ക്കാര്‍ സമയത്തിന് നടപടികള്‍ എടുക്കാന്‍ പരാജയപ്പെട്ടാല്‍ യുഎസ് ജനസംഖ്യയുടെ 81 ശതമാനത്തേയും വൈറസ് ബാധിക്കുമെന്നായിരുന്നു. അപ്പോഴും രാജ്യം സുരക്ഷിതമാണ് എന്ന് പറഞ്ഞുകൊണ്ടിരുന്നു ട്രംപ്.
ട്രംപിന്‍റെ ടാസ്‌ക് ഫോഴ്‌സിലെ വൈറസ് പ്രതികരണ കൊ-ഓര്‍ഡിനേറ്ററായ ഡബോറ ബിര്‍ക്‌സ് മാര്‍ച്ച്-16 ന് നടത്തിയ ഒരു മാധ്യമ സമ്മേളനത്തില്‍ പത്തു പേരില്‍ കൂടുതല്‍ ഒരിടത്ത് ഒന്നിച്ച് കൂടരുത് എന്ന് ആവശ്യപ്പെട്ടു. എന്നാല്‍ അപ്പോള്‍ അവരുടെ തൊട്ടടുത്ത് നിന്നിരുന്ന ട്രംപ് അവരുടെ വീക്ഷണങ്ങളോട് വിയോജിച്ചു. നിരവധി യു എസ് സംസ്ഥാനങ്ങളില്‍ വൈറസിന്‍റെ ലക്ഷണങ്ങളേ ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ തൊട്ടടുത്ത ദിവസങ്ങളില്‍ കേസുകളും മരണങ്ങളും റോക്കറ്റ് പോലെ കുതിച്ചുയര്‍ന്നപ്പോള്‍ പരമാവധി ആളുകളെ പരിശോധിക്കും അദ്ദേഹം പ്രഖ്യാപിച്ചു. അദ്ദേഹത്തിൻ്റെ തയ്യാറെടുപ്പില്ലായ്‌മമൂലം പരിശോധനാ കിറ്റുകള്‍ക്ക് ദൗര്‍ലഭ്യം ഉണ്ടായി.
2018-ല്‍ ആഗോള ആരോഗ്യ സുരക്ഷയും പ്രതിരോധവും സംബന്ധിച്ചുള്ള വൈറ്റ് ഹൗസിലെ ദേശീയ സുരക്ഷാ കൗണ്‍സില്‍ ഡയറക്ടറേറ്റ് ട്രമ്പ് പിരിച്ചു വിട്ടു. അടുത്തൊരു പകര്‍ച്ച വ്യാധി പൊട്ടി പുറപ്പെട്ടാല്‍ യു എസ് സര്‍ക്കാരിൻ്റെ അധികാരവും വിഭവങ്ങളും ഉള്ളത് വെച്ചു കൊണ്ട് എന്തൊക്കെ സാധ്യമാണോ അതെല്ലാം ചെയ്യുവാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുക എന്നതായിരുന്നു ഈ ഡയറക്ടറേറ്റിൻ്റെ ലക്ഷ്യം. എന്നാല്‍ ഈ ഡയറക്ടറേറ്റ് പിരിച്ചു വിടാന്‍ ട്രമ്പ് എടുത്ത തീരുമാനം ഉദ്യോഗസ്ഥരെ മുഴുവന്‍ ഞെട്ടിച്ചു. 1999-ല്‍ രൂപീകരിച്ച പൊതു ജനാരോഗ്യ അടിയന്തിര ഫണ്ട് കാലിയായിട്ട് ഏറെ കാലമായി. ഒരു ഘട്ടത്തില്‍ ഈ ഫണ്ട് ഉപയോഗിച്ച് സംസ്ഥാനങ്ങള്‍ക്ക് മരുന്നുകള്‍ നല്‍കാന്‍ സര്‍ക്കാരിനെ കൊണ്ട് കഴിയില്ലെന്ന് പ്രഖ്യാപനമുണ്ടായി. എന്നാല്‍ മാര്‍ച്ച്-13 ന് കൊവിഡ്-19 നെ ആരോഗ്യ അടിയന്തിരാവസ്ഥയായി ട്രമ്പ് പ്രഖ്യാപിച്ച ശേഷം മരുന്നുകള്‍ സ്വമേധയാ സംഭരിച്ചു കൊള്ളാന്‍ അദ്ദേഹം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. പിന്നീട് യുഎസ് ആരോഗ്യ, മാനവ സേവന വകുപ്പുമായി ഈ ഫണ്ടിനെ കൂട്ടി ചേര്‍ത്തു. അടിയന്തിര ഫണ്ടിൻ്റെ പ്രഖ്യാപിത ലക്ഷ്യത്തെ പരാജയപ്പെടുത്തും ഈ നീക്കമെന്ന് വിമര്‍ശനമുയര്‍ന്നു.
അമേരിക്കയിലെ പല പ്രമുഖരും ഈയിടെ നടത്തിയ ചില ട്വീറ്റുകളാണിവ:
- അദൃശ്യനായ ശത്രുവിനെ കുറിച്ച് നമ്മള്‍ ഏറെ മനസ്സിലാക്കി കൊണ്ടിരിക്കുന്നു. അത് കരുത്തനും മിടുക്കനുമാണ്. പക്ഷെ നമ്മള്‍ അതിനേക്കാള്‍ കരുത്തരും മിടുക്കരുമാണ്! - ഡൊണാള്‍ഡ് ട്രമ്പ്
- ഒരു നൂറ്റാണ്ടില്‍ അമേരിക്ക കണ്ട ഏറ്റവും മോശപ്പെട്ട പൊതു ജനാരോഗ്യ ദുരന്തമായി ഇത് വിലയിരുത്തപ്പെടും. എവിടെ, എങ്ങനെ, എപ്പോള്‍ ഈ രോഗം വ്യാപിക്കുന്നു എന്ന് മനസ്സിലാക്കുന്നതിനുള്ള മനസ്സില്ലാത്തതാണ് ഈ ദുരന്തത്തിൻ്റെ മൂലകാരണം - എറിക് ടോപ്പോള്‍, അമേരിക്കയിലെ പ്രശസ്തനായ ഹൃദ്രോഗ വിദഗ്‌ദന്‍, ജനിതക ശാസ്ത്രഞ്ജന്‍.
- ഭീഷണി വിലയിരുത്തുകയും വിട്ടു വീഴ്‌ചകള്‍ക്ക് തയ്യാറെടുക്കുകയും ചെയ്ത രാജ്യങ്ങള്‍ കുറഞ്ഞ നാശ നഷ്ടങ്ങളോടെ മുന്നോട്ട് പോയി. പക്ഷെ അമേരിക്ക ഇക്കാര്യത്തില്‍ പരാജയപ്പെട്ടു. എന്തെങ്കിലും നടപടികള്‍ കൈകൊള്ളുന്നതിനായി അമേരിക്കന്‍ സര്‍ക്കാര്‍ 6-8 ആഴ്‌ചകളാണ് കാത്തിരുന്നത് - ജറമി കോണിൻഡിക്, സെൻ്റര്‍ ഫോര്‍ ഗ്ലോബല്‍ ഡവലപ്പ്‌മെൻ്റെിലെ സീനിയര്‍ പോളിസി ഫെലൊ.
- തന്നെ പിന്തുണക്കുന്ന ചിലരെ കാലാവസ്ഥാ വ്യതിയാനം പറഞ്ഞു വിശ്വസിപ്പിച്ചു ട്രമ്പ്. അതിനാല്‍ കൊറോണ വൈറസിനെ സംബന്ധിച്ചുള്ള ഭയം അമിതമായി ഊതി വീര്‍പ്പിച്ചതാണെന്ന പരാമര്‍ശങ്ങളോട് അവര്‍ സ്വാഭാവികമായും യോജിച്ചു- നയോമി ഒറസ്‌കസ്, ഹവാര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്ര ചരിത്രകാരന്‍