ഗാന്ധിജിയെ ‘രാഷ്ട്ര പിതാവ്’ എന്ന് ആദ്യമായി വിളിച്ചത് നേതാജി സുഭാഷ് ചന്ദ്രബോസാണ്. പിന്നീട് സ്വതന്ത്ര ഇന്ത്യയും പാർലമെന്‍റും ഗാന്ധിജിയെ രാഷ്ട്രപിതാവായി ഔദ്യോഗികമായി അംഗീകരിച്ചു. സാധാരണയായി, ഒരു സ്വതന്ത്ര രാജ്യത്തിന്‍റെ ആദ്യ രാഷ്ട്രപതിക്കാണ് അത്തരമൊരു പദവി നൽകപ്പെടുന്നത്. ഗാന്ധിജി അത്തരമൊരു പദവി വഹിച്ചിരുന്നില്ല, അതിനായി ആഗ്രഹിച്ചിരുന്നുമില്ല. ഇന്ത്യയെ ഒരു രാഷ്ട്രമായി കെട്ടിപ്പടുക്കുന്നതിൽ ഗാന്ധിജി വഹിച്ച പങ്കാണ് ഗാന്ധിജിയെ രാഷ്ട്രപിതാവെന്ന് വിളിക്കാൻ സുഭാഷ് ചന്ദ്രബോസിനെ പ്രേരിപ്പിച്ചത്.
ഒരു രാഷ്ട്രം അതിന്‍റെ ഭൂമിശാസ്ത്രപരവും രാഷ്ട്രീയവുമായ അതിർത്തിയിലാണ് നിർമിച്ചിരിക്കുന്നത്. അവിടുത്തെ ജനങ്ങളുടെ വൈകാരിക ഐക്യമാണ് ആ രാഷ്ട്രത്തിന്‍റെ അടിത്തറ, അതിന്‍റെ ചരിത്രം അല്ല. ചില രാജ്യങ്ങൾ അതിന്‍റെ പൊതുവായ ഭാഷയിലൂടെ വൈകാരിക ഐക്യം നേടിയെടുക്കുന്നു. ചിലത് ജനങ്ങളുടെ പൊതു മതത്തിലൂടെയും. ഭാഷയിലൂടെ വൈകാരിക ഐക്യം നേടിയെടുത്ത നാടാണ് ബംഗ്ലാദേശ്. അതേസമയം മതം പാകിസ്ഥാന് അടിസ്ഥാനമായി വർത്തിച്ചു.
ഇന്ത്യയിൽ ധാരാളം ഭാഷകളുണ്ട്. ദേശീയതയുടെ വികാരം നമ്മൾ വളർത്തിയത് വൈകാരിക ഐക്യത്തിലൂടെയാണ്, ബ്രിട്ടീഷ് അടിമത്തത്തിൽ നിന്ന് മോചനം നേടുകയെന്ന പൊതുവായ ആഗ്രഹത്തിലൂടെയാണ്. എന്നാൽ ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് സ്വാതന്ത്ര്യം ആവശ്യപ്പെട്ട ആദ്യത്തെ നേതാവായിരുന്നില്ല ഗാന്ധിജി. സ്വാതന്ത്ര്യത്തിനായി ആഹ്വാനം ചെയ്ത മറ്റു പലരുമുണ്ടായിരുന്നു. പിന്നെ എന്തുകൊണ്ടാവും സ്വതന്ത്ര ഇന്ത്യയുടെ പാർലമെന്‍റ് മഹാത്മാ ഗാന്ധിയെ രാഷ്ട്രപിതാവായി പ്രഖ്യാപിക്കാൻ തീരുമാനിച്ചത്?
ദേശീയതയെ സ്വാധീനിച്ചുകൊണ്ട് ഇത്രയും വിശാലമായ ദേശത്തുടനീളം വൈവിധ്യമാർന്ന ആളുകൾക്കിടയിൽ വൈകാരിക ഐക്യം സൃഷ്ടിക്കുന്നതിനുള്ള പ്രത്യേക കഴിവ് ഗാന്ധിജിക്കുണ്ടായിരുന്നു. ഇത് സാധാരണ ജനങ്ങളുമായി ശക്തമായ വൈകാരിക ബന്ധം സൃഷ്ടിച്ചു. അഹമ്മദാബാദിലെ ഒരു കോടതി അദ്ദേഹത്തിന്‍റെ പേരും വിലാസവും തൊഴിലും ചോദിച്ചപ്പോൾ ഗാന്ധിജി ഒരു കർഷകനും നെയ്ത്തുകാരനുമാണെന്ന് പറഞ്ഞു. അതിലൂടെ നമ്മുടെ രാജ്യത്തെ ദശലക്ഷക്കണക്കിന് അധ്വാനിക്കുന്ന കർഷകരുടെയും നെയ്ത്തുകാരുടെയും ഹൃദയത്തിൽ അദ്ദേഹം സ്ഥാനം പിടിച്ചു. ലളിതമായ ശൈലിയും ആഡംബര രഹിതമായ ജീവിതവും കൊണ്ട് അദ്ദേഹത്തിന് ജനങ്ങളുമായി അത്തരമൊരു ബന്ധം സ്ഥാപിക്കാൻ കഴിഞ്ഞു. പ്രഭു കുടുംബങ്ങളിൽ നിന്നുള്ള മറ്റ് രാഷ്ട്രീയ നേതാക്കളിൽ നിന്ന് വ്യത്യസ്തമായി ഗാന്ധിജി ഖാദി ധരിച്ചു. ഭൂമിയിൽ അധ്വാനിച്ചു.
ഗാന്ധിജിയെ സാധാരണക്കാരിലേക്കടുപ്പിച്ച മറ്റൊരു ഘടകം അദ്ദേഹത്തിന്‍റെ ആശയവിനിമയ ശൈലിയാണ്. ഇംഗ്ലീഷിലോ സംസ്കൃതവൽക്കരിക്കപ്പെട്ട ഹിന്ദിയിലോ മറ്റ് പ്രാദേശിക ഭാഷകളിലോ വളരെ ഉന്നതമായ രീതിയിൽ സംസാരിക്കാൻ ഇഷ്ടപ്പെട്ട മറ്റ് രാഷ്ട്രീയ നേതാക്കളിൽ നിന്ന് വ്യത്യസ്തമായി ഗാന്ധിജി ലളിതമായ ഹിന്ദിയിലോ ഗുജറാത്തിയിലോ സംസാരിച്ചു. ഗാന്ധിജി ഒരിക്കലും വാഗ്വാദത്തിൽ ഏർപ്പെട്ടിരുന്നില്ല. അദ്ദേഹം ഒരു മികച്ച പ്രാസംഗികനല്ല, ലളിതമായ ഭാഷയിൽ സംസാരിച്ചിരുന്ന മികച്ച നേതാവായിരുന്നു.
സത്യാഗ്രഹത്തിൽ സ്ത്രീകളെ ഉൾപ്പെടുത്താനുള്ള തീരുമാനമാണ് ഗാന്ധിജിയെ ജനങ്ങളുടെ ഇടയിൽ ദേശീയത എന്ന വികാരം പ്രചരിപ്പിക്കാൻ സഹായിച്ച മറ്റൊരു ഘടകം. ഉപ്പ് സത്യാഗ്രഹം, വിദേശ വസ്ത്രങ്ങൾ ബഹിഷ്കരിക്കാനുള്ള സമരം, വ്യക്തിഗത നിസ്സഹകരണ പ്രസ്ഥാനം എന്നിവയിൽ രാജ്യമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് സ്ത്രീകൾ പങ്കെടുത്തു. അഹിംസാ പ്രചാരണത്തിനിടെ ആയിരക്കണക്കിന് വനിതാ സന്നദ്ധപ്രവർത്തകർ അറസ്റ്റിലായി.
ഹിന്ദുക്കൾക്കിടയിലെ തൊട്ടുകൂടായ്മ നീക്കം ചെയ്യുന്നത് അദ്ദേഹത്തിന്‍റെ മറ്റൊരു ദൗത്യമായിരുന്നു. ഇതിനായി അദ്ദേഹം ഹരിജൻ സേവക് സംഘം സ്ഥാപിക്കുകയും ഒരു ഉയർന്ന ജാതിക്കാരനായ ഹിന്ദു സാധാരണ ഒഴിവാക്കുന്ന തുകൽ ജോലികൾ ഏറ്റെടുക്കാൻ ഉയർന്ന ജാതിയിലുള്ള തന്‍റെ സഹപ്രവർത്തകരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
ദേശീയ ഐക്യത്തിനും സ്വാതന്ത്ര്യസമരത്തിനുമായി മതം, ജാതി, ഭാഷ എന്നീ വൈവിധ്യമാർന്ന പശ്ചാത്തലത്തിലുള്ള ആളുകളെ അണിനിരത്തുകയെന്ന ലക്ഷ്യത്തോടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രവർത്തനങ്ങൾ. ദേശീയ സ്വാതന്ത്ര്യസമരത്തിനായി തന്‍റെ ജീവിതം അർപ്പിച്ച ഗാന്ധിജി ഒരു വർഷം രാജ്യമെമ്പാടും യാത്രചെയ്യുന്നു, പ്രശ്നങ്ങൾ മനസിലാക്കുന്നതിനായി സാധാരണക്കാരെയും നേതാക്കളെയും കണ്ടു. തന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾക്കായി അദ്ദേഹം അഹമ്മദാബാദിൽ ആശ്രമം സ്ഥാപിച്ചു.
പ്രസംഗിച്ച കാര്യങ്ങൾ അദ്ദേഹം സ്വന്തം ജീവിതത്തിൽ പ്രാവർത്തികമാക്കാൻ ശ്രദ്ധിച്ചു. ഇത് അദ്ദേഹത്തെ മറ്റ് രാഷ്ട്രീയ നേതാക്കളിൽ നിന്ന് വ്യത്യസ്തമാക്കുകയും മഹാത്മാവായി ഉയർത്തുകയും ചെയ്തു.
നച്ചികേത് ദേശായി (മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍)