മുംബൈ: നിസാമുദ്ദീനിലെ തബ്‌ലിഗ് ആസ്ഥാനത്ത് സംഘടിപ്പിച്ച ജമാഅത്ത് സമ്മേളനം നടന്നത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ അനുമതിയോടെയെന്ന് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്‌മുഖ്. രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ചതിന്‍റെ ഉത്തരവാദിത്തം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റേതും കൂടെയാണെന്ന് അദ്ദേഹം ആരോപിച്ചു.
തബ്‌ലിഗ് ജമാഅത്ത് തലവന്‍ മൗലാന മുഹമ്മദ് സാദ് കാണ്ഡല്‍വിയുമായി ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ദോവലും ഡല്‍ഹി പൊലീസ് കമ്മിഷണര്‍ എസ്എന്‍ ശ്രീവാസ്തവയും ചര്‍ച്ച നടത്തിയിരുന്നു. ആ ചര്‍ച്ചക്ക് രഹസ്യ സ്വഭാവമുണ്ടായിരുന്നെന്നും അവരെ ആരാണ് അവിടെക്ക് അയച്ചതെന്നും അനില്‍ ദേശ്‌മുഖ് ചോദിച്ചു. സമ്മേളനം സംഘടിപ്പിച്ച മര്‍കസിന് സമീപമാണ് നിസാമുദ്ദീന്‍ പൊലീസ് സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്നത്. ഇത്ര വലിയ സമ്മേളനം നടത്തിയിട്ടും പൊലീസ് അത് തടഞ്ഞില്ല. ഇത് സംബന്ധിച്ച് ഡല്‍ഹി പൊലീസ് കമ്മിഷണറും ദേശീയ സുരക്ഷാ ഉപദേഷ്‌ടാവും ഇതുവരെ പ്രതികരിച്ചിട്ടില്ല.
തബ്‌ലിഗ് ജമാഅത്ത് തലവന്‍ മൗലാന മുഹമ്മദ് സാദ് കാണ്ഡല്‍വി ഒളിവില്‍ പോയതിന് പിന്നിലും ദുരൂഹതയുണ്ട്. അദ്ദേഹം ഇപ്പോള്‍ എവിടെയാണെന്നോ ജമാഅത്ത് അംഗങ്ങളുമായി ആരാണ് ബന്ധപ്പെടുന്നതെന്നോ ഉതുവരെ വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു.