ചണ്ഡിഗഡ്: മെയ് ഏഴ് മുതൽ പഞ്ചാബിൽ മദ്യ വിതരണം ആരംഭിക്കും. സംസ്ഥാനത്തെ എക്സൈസ് -ടാക്സേഷൻ വകുപ്പ് മദ്യവിൽപ്പന ആരംഭിക്കുന്നതിനുള്ള ഉത്തരവ് പുറപ്പെടുവിച്ചു. കർഫ്യൂ ഇളവ് സമയങ്ങളിൽ മാത്രമേ മദ്യവിൽപ്പനശാലകൾ തുറക്കാൻ അനുവദിക്കൂവെന്ന് അധികൃതർ അറിയിച്ചു. അതേസമയം കടകളിൽ തിരക്ക് കൂടാതിരിക്കാൻ പഞ്ചാബ് സർക്കാർ കർഫ്യൂ ഇളവ് സമയം മാറ്റി. രാവിലെ 7 മുതൽ ഉച്ചകഴിഞ്ഞ് 3 വരെ കടകൾ തുറക്കും. നേരത്തെ രാവിലെ 9 മുതൽ ഉച്ചക്ക് ഒരു മണി വരെയായിരുന്നു കർഫ്യൂ സമയം. എന്നിരുന്നാലും ഡെപ്യൂട്ടി കമ്മീഷണർമാരുമായി കൂടിയാലോചിച്ച് ബന്ധപ്പെട്ട അസിസ്റ്റന്റ് എക്സൈസ-ടാക്സേഷൻ കമ്മീഷണർമാർ മദ്യം വിതരണം ചെയ്യുന്ന സമയം തീരുമാനിക്കുമെന്ന് ഉത്തരവിൽ പറയുന്നു. പഞ്ചാബ് എക്സൈസ് ആക്റ്റ് 1914 പ്രകാരം വീട്ടിലേക്ക് മദ്യം എത്തിക്കാൻ വ്യവസ്ഥയില്ലെങ്കിലും കൊവിഡ് 19 പശ്ചാത്തലത്തിൽ സാമൂഹിക അകലം ഉറപ്പാക്കാൻ ഇക്കാര്യത്തിൽ തീരുമാനമെടുത്തിട്ടുണ്ട്. എന്നാൽ ലോക്ക് ഡൗൺ കാലയളവിൽ മാത്രമേ ഈ സേവനം ലഭ്യമാകു. ഹോം ഡെലിവറി വഴി രണ്ട് ലിറ്റർ മദ്യം മാത്രമേ വാങ്ങാൻ അനുവദിക്കൂ.
വീട്ടിലെ മദ്യ വിതരണത്തിനായി നിയോഗിക്കപ്പെട്ട ആളുകൾക്ക് തിരിച്ചറിയൽ കാർഡുകൾ നൽകും. കൂടാതെ ഉത്തരവ് പ്രകാരം കർഫ്യൂ പാസും നൽകും. പഞ്ചാബ് മീഡിയം ലിക്വറുകൾക്ക് (പിഎംഎൽ) ഹോം ഡെലിവറി അനുവദിക്കില്ല. സാമൂഹിക അകലം പാലിക്കൽ, സാനിറ്റൈസർ ക്രമീകരണം എന്നിവ ഉറപ്പാക്കാൻ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. അഞ്ചിൽ കൂടുതൽ പേരെ മദ്യക്കടയ്ക്ക് പുറത്ത് നിൽക്കാൻ അനുവദിക്കില്ലെന്നും ഉത്തരവിൽ പറയുന്നു. 50 ശതമാനം ലൈസൻസ് ഫീസ് സംസ്ഥാന സർക്കാരിന് അടച്ച മദ്യ കരാറുകാർക്ക് കടകൾ തുറക്കാൻ അനുവാദമുണ്ട്. നികുതി വരുമാനം വർധിപ്പിക്കാൻ സംസ്ഥാനത്ത് മദ്യക്കടകൾ തുറക്കാൻ അനുവദിക്കണമെന്ന് പഞ്ചാബ് സർക്കാർ നേരത്തെ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. കർഫ്യൂ സമയത്തിൽ മാറ്റം വരുത്തിയതോടെ രാവിലെ ഏഴ് മണി മുതൽ ഉച്ചകഴിഞ്ഞ് മൂന്ന് മണി വരെ മദ്യവിൽപ്പനശാലകൾ ഉൾപെടെയുള്ള കടകൾ തുറക്കാമെന്ന് രൂപനഗർ ഡെപ്യൂട്ടി കമ്മീഷണർ സോണാലി ഗിരി പറഞ്ഞു. സാമൂഹ്യ അകലം പാലിക്കൽ മാനദണ്ഡം ലംഘിച്ചാൽ മദ്യവിൽപ്പനശാല അടച്ചിടുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പഞ്ചാബിലെ നിരവധി മദ്യ കരാറുകാർ വീട്ടിലെ മദ്യ വിതരണം ആരംഭിക്കാൻ താൽപ്പര്യപ്പെടുന്നില്ല. ഇത് അവരുടെ പ്രവർത്തനച്ചെലവ് വർദ്ധിപ്പിക്കുമെന്ന് പറയുന്നു. അധിക ജീവനക്കാരെ നിയമിക്കാന്‍ സാധിക്കില്ലെന്നും അവർ പറഞ്ഞു.