ലഖ്‌നൗ: അഖില ഭാരതീയ ഹിന്ദു മഹാസഭ പ്രസിഡന്‍റ് രഞ്ജിത് ബച്ചനെ കൊലപ്പെടുത്തിയ കേസിൽ ഉത്തർപ്രദേശ് പൊലീസ് നാല് പേരെ കസ്റ്റഡിയിലെടുത്തു. ഗോരഖ്പൂർ, റായ് ബറേലി എന്നിവിടങ്ങളിൽ നിന്നായി ലഖ്‌നൗ പൊലീസിന്‍റെ സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.
രഞ്ജിത് ബച്ചന്‍റെ മൊബൈൽ ഫോണിലെ കോൾ വിശദാംശങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. രഞ്ജിത് ബച്ചനെ വെടിവച്ച് കൊന്നതിന് നിമിഷങ്ങൾക്ക് ശേഷം സംശയിക്കുന്നവരിൽ ഒരാൾ അദ്ദേഹത്തിന്‍റെ അടുത്ത ബന്ധുവിനെ വിളിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രഞ്ജിത് ബച്ചന്‍റെ രണ്ടാം ഭാര്യ സ്മൃതിയെയും ചോദ്യം ചെയ്യാൻ സാധ്യതയുണ്ട്.
ഞായറാഴ്ച രാവിലെയാണ് ലഖ്‌നൗവിൽ രഞ്ജിത് ബച്ചനെ അജ്ഞാതരായ തോക്കുധാരികൾ വെടിവച്ച് കൊലപ്പെടുത്തിയത്. ഹസ്രത്‌ഗഞ്ച് ഏരിയയിലെ ഗ്ലോബൽ പാർക്കിന് സമീപമായിരുന്നു സംഭവം. വെടിവയ്പിന് ശേഷം അക്രമികൾ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന ഇളയ സഹോദരൻ ആദിത്യയ്ക്കും വെടിവെപ്പിൽ പരിക്കേറ്റിരുന്നു.
കഴിഞ്ഞ വർഷം ഒക്ടോബറിൽ ലഖ്‌നൗവിലെ നാക പ്രദേശത്ത് ഹിന്ദു സമാജ് പാർട്ടിയുടെ നേതാവ് കമലേഷ് തിവാരിയും സമാനമായ രീതിയിൽ കൊല്ലപ്പെട്ടിരുന്നു.