ശ്രീനഗര്‍: ജമ്മു കശ്‌മീരില്‍ അതിവേഗ ഇന്‍റര്‍നെറ്റ് നിരോധനം ഓഗസ്റ്റ് 19 വരെ നീട്ടി. ആഭ്യന്തര പ്രിന്‍സിപ്പല്‍ സെക്രട്ടറി ഷലീന്‍ കബ്രയാണ് ഉത്തരവിറക്കിയത്. സുരക്ഷാ സേന, രാഷ്‌ട്രീയ പ്രവര്‍ത്തകര്‍, നിരപരാധികളായ സാധാരണക്കാര്‍ എന്നിവര്‍ക്കെതിരായ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനായി മൊബെല്‍ ഡാറ്റ സര്‍വീസ് ദുരുപയോഗം ചെയ്യുന്നതിനാല്‍ വിലക്ക് ആവശ്യമാണെന്ന് ഷലീന്‍ കബ്ര പറഞ്ഞു. ഭരണഘടനാ ഭേദഗതി നിലവില്‍ വന്ന് ഒരു വര്‍ഷം പിന്നിടുന്ന വേളയില്‍ വരും ആഴ്‌ചകളില്‍ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വര്‍ധിക്കുമെന്ന് സൂചന ലഭിച്ചിട്ടുണ്ടെന്നും ഉത്തരവില്‍ പറയുന്നു.
ഇന്ത്യയുടെ പരമാധികാരത്തിന്‍റെയും ഐക്യത്തിന്‍റെയും താല്‍പര്യം പരിഗണിച്ച് സംസ്ഥാനത്തിന്‍റെ സുരക്ഷയ്‌ക്ക് ഇത് അനിവാര്യമാണെന്നും ഉത്തരവില്‍ കൂട്ടിച്ചേര്‍ക്കുന്നു. ഓഗസ്റ്റ് 19 വരെയുള്ള കാലയളവില്‍ 2 ജി സ്‌പീഡില്‍ മൊബൈല്‍ ഡാറ്റ ലഭിക്കുന്നതാണ്. ജമ്മു കശ്‌മീരില്‍ 4 ജി അതിവേഗ ഇന്‍റര്‍നെറ്റ് സേവനം വൈകാതെ പുനസ്ഥാപിക്കുമെന്ന പ്രതീക്ഷകള്‍ക്കിടയിലാണ് ഉത്തരവ് വരുന്നത്. 4 ജി ഇന്‍റര്‍നെറ്റ് പുനസ്ഥാപിക്കുന്നതില്‍ കേന്ദ്രത്തിന് എതിര്‍പ്പൊന്നുമില്ലെന്ന ലഫ്‌റ്റനന്‍റ് ഗവര്‍ണര്‍ ജിസി മുര്‍മുവിന്‍റെ പ്രസ്‌താവനയാണ് ജനങ്ങള്‍ക്കിടയില്‍ ഇത്തരമൊരു പ്രതീക്ഷ നല്‍കിയത്.