ഹൈദരാബാദ്: സംഗറെഡ്ഡി ജില്ലയില്‍ ഇതര സംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധം. പൊലീസിന് നേരെ തൊഴിലാളികൾ കല്ലെറിഞ്ഞു. പ്രതിഷേധക്കാർ പൊലീസിന്‍റെ വാഹനവും നശിപ്പിച്ചു.
സംഗറെഡ്ഡി ജില്ലയിലെ ഐഐടിയില്‍ നിർമാണ പ്രവർത്തനങ്ങൾക്ക് എത്തിയ തൊഴിലാളികളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ലോക്ക് ഡൗണിനെ തുടർന്ന് നിർമാണ പ്രവർത്തനങ്ങൾ നിർത്തിയതോടെ ഐഐടി അധികൃതർ തൊഴിലാളികളെ ഇവിടെ തന്നെ താമസിപ്പിക്കുകയായിരുന്നു. മാസങ്ങളായി ജോലിയും വരുമാനും ഇല്ലാതായതോടെ ആണ് തൊഴിലാളികൾ പ്രതിഷേധം ഉയർത്തിയത്. സ്വദേശങ്ങളിലേക്ക് തിരിച്ച് പോകണമെന്ന് ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധം പൊലീസ് തടഞ്ഞതോടെ തൊഴിലാളികൾ കല്ലും വടികളും ഉപയോഗിച്ച് പൊലീസിനെ ആക്രമിക്കുകയായിരുന്നു. എസ്.പി ചന്ദ്രശേഖർ റെഡി സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. തൊഴിലാളികളെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ലോക്ക് ഡൗണിനെ തുടർന്നുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിന് എല്ലാവിധ സംവിധാനങ്ങളും ഒരുക്കുമെന്ന് തൊഴിലാളികൾക്ക് എസ്‌പി ഉറപ്പ് നല്‍കി.