മുംബൈ: കനത്ത മഴയില്‍ മഹാരാഷ്ട്രയിലെ രത്നഗിരി ജില്ലയില്‍ തിവാരി അണക്കെട്ട് തകർന്ന് 24 പേരെ കാണാതായി. ആറ് മൃതദേഹങ്ങൾ കണ്ടെടുത്തു. 12 വീടുകൾ ഒലിച്ചുപോയി. ഇന്നലെ രാത്രി 10 മണിയോടെയാണ് അണക്കെട്ട് തകരുന്നത്. കനത്ത മഴയില്‍ പ്രളയസമാനമായ അന്തരീക്ഷമാണ് രത്നഗിരിയില്‍. ഏഴ് ഗ്രാമങ്ങൾ പൂർണമായും വെള്ളത്തിനടിയിലായി.
കൂടുതല്‍ ആളുകൾ കുത്തൊഴുക്കില്‍ പെട്ടിട്ടുണ്ടെന്നാണ് കരുതുന്നത്. അണക്കെട്ട് തകർന്ന് വെള്ളം ഗ്രാമങ്ങളിലേക്ക് ഒലിച്ചുകയറുകയായിരുന്നു. കഴിഞ്ഞ അഞ്ച് ദിവസമായി മുംബൈയിലും പൂനെയിലും പെയ്യുന്ന കനത്ത മഴയില്‍ ഇതുവരെ 37 പേരാണ് മരിച്ചത്. കഴിഞ്ഞ ദിവസം മലാഡില്‍ മതില്‍ തകർന്ന് വീണ് മരിച്ചവരുടെ എണ്ണം 24 ആയി. കല്യാണില്‍ മൂന്നു പേരും പൂനെയില്‍ ആറു പേരും നാസിക്കില്‍ വാട്ടർ ടാങ്ക് തകർന്ന് മൂന്ന് പേരും മരിച്ചിട്ടുണ്ട്.
പലയിടത്തും റെയില്‍ പാളങ്ങൾ മുങ്ങി. മുംബൈയിലേക്കുള്ള ട്രെയിൻ ഗതാഗതം പൂർണമായും നിലച്ച അവസ്ഥയാണ്. 44 വർഷങ്ങൾക്ക് ശേഷം മുംബൈ നേരടുന്ന രൂക്ഷമായ വെള്ളക്കെട്ടും മഴയുമാണ് ഇതെന്ന് കാലാവസ്ഥാ നീരീക്ഷണ കേന്ദ്രം പറഞ്ഞു. മഴയെ തുടർന്ന് തകർന്ന മുംബൈ വിമാനത്താവളത്തിലെ പ്രധാന റൺവേ തുറക്കാനായിട്ടില്ല. 204 വിമാന സർവീസുകൾ റദ്ദാക്കി. മിത്തി നദി കരകവിഞ്ഞ് കുർള ക്രാന്തി നഗറില്‍ നിന്ന് ആയിരത്തിലധികം പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.