ന്യൂഡല്‍ഹി: പൗരത്വനിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങൾ നടക്കുന്ന ഷഹീന്‍ ബാഗില്‍ പൊലീസ് വിന്യാസം വര്‍ധിപ്പിച്ചു. പ്രദേശത്ത് നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്. സുരക്ഷാ മുന്‍കരുതലെന്ന നിലയിലാണ് പൊലീസ് വിന്യാസം വര്‍ധിപ്പിച്ചതെന്ന് ഡല്‍ഹി പൊലീസ് കമ്മിഷണര്‍ എസ്.എന്‍.ശ്രീവാസ്‌തവ അറിയിച്ചു.പ്രദേശത്ത് അനുമതിയില്ലാതെ നടത്തുന്ന യോഗങ്ങൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കും. രണ്ട് വനിതാ പൊലീസ് സേനയെ ഉൾപ്പെടെ പന്ത്രണ്ട് കമ്പനികളെയാണ് ഷഹീന്‍ ബാഗില്‍ വിന്യസിച്ചതെന്നും പൊലീസ് വ്യക്തമാക്കി.
സമരക്കാരെ ഷഹീന്‍ബാഗില്‍ നിന്നും ഒഴിപ്പിക്കുമെന്ന് ഹിന്ദുസേനാ പ്രവര്‍ത്തകര്‍ നേരത്തെ ഭീഷണി മുഴക്കിയിരുന്നു. എന്നാല്‍ പൊലീസിന്‍റെ ഇടപെടലിലൂടെ സമരക്കാര്‍ക്കെതിരെയുള്ള പ്രതിഷേധം ഹിന്ദുസേന പിന്‍വലിച്ചിരുന്നു. ഷഹീന്‍ ബാഗില്‍ കഴിഞ്ഞ വര്‍ഷം ഡിസംബര്‍ പകുതിയോടെയാണ് പൗരത്വനിയമ ഭേദഗതിക്കെതിരായി സ്‌ത്രീകളും കുട്ടികളുമുൾപ്പെടെയുള്ളവര്‍ പ്രതിഷേധം ആരംഭിച്ചത്.