മുംബൈ: സ്വകാര്യ ബാങ്കായ ആക്‌സിസ് ബാങ്കിലേക്ക് മഹാരാഷ്‌ട്രയിലെ പൊലീസ് വിഭാഗത്തിന്‍റെ അക്കൗണ്ടുകൾ മാറ്റുന്നതിനെതിരെ നല്‍കിയ ഹര്‍ജിയില്‍ ഹാജരാകാനാവശ്യപ്പെട്ട് ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസിന് ബോംബെ ഹൈക്കോടതിയുടെ നോട്ടീസ്. ഫഡ്‌നാവിസിന്‍റെ ഭാര്യ ആക്‌സിസ് ബാങ്കിലെ ഉന്നത പദവിയിലിരിക്കുന്ന വ്യക്തിയായതിനാല്‍ മുന്‍ മുഖ്യമന്ത്രിയായ ഫഡ്‌നാവിസിനെതിരെ നേരത്തെ ആരോപണങ്ങൾ ഉയര്‍ന്നിരുന്നു. മഹാരാഷ്‌ട്ര ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, പൊലീസ് ഡയറക്‌ടർ ജനറൽ എന്നിവർക്കും എട്ട് ആഴ്‌ചക്കുള്ളിൽ സത്യവാങ്മൂലം നൽകണമെന്ന് ആവശ്യപ്പെട്ട് ജസ്റ്റിസുമാരായ രവി ദേശ്‌പാണ്ഡെ, അമിത് ബോർക്കർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് നോട്ടീസ് നൽകി.
2017ലായിരുന്നു പൊലീസ് വിഭാഗത്തിന്‍റെ അക്കൗണ്ടുകൾ ആക്‌സിസ് ബാങ്കിലേക്ക് മാറ്റണമെന്ന ഉത്തരവ് ഫഡ്‌നാവിസിന്‍റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ പുറപ്പെടുവിച്ചത്. ആക്‌സിസ് ബാങ്കിനെ സഹായിക്കാനായി മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഫഡ്‌നാവിസ് തന്‍റെ അധികാരം ദുര്‍വിനിയോഗം ചെയ്‌തുവെന്നാരോപിച്ചായിരുന്നു മോഹ്‌നിഷ് ജബല്‍പുരെ എന്ന വ്യക്തി ഹര്‍ജി സമര്‍പ്പിച്ചത്. ഇത് ദേശസാല്‍കൃത ബാങ്കുകൾക്ക് നഷ്‌ടമുണ്ടാക്കിയെന്നും ഉത്തരവ് റദ്ദാക്കി, അന്വേഷണം നടത്തണമെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.