അമരാവതി: സര്‍ക്കാരിനെ വിമര്‍ശിച്ചതിനെ തുടര്‍ന്ന് സസ്‌പെന്‍ഷന്‍ നടപടി നേരിട്ട ഡോക്ടറുടെ മൊഴി രേഖപ്പെടുത്താൻ വിശാഖപട്ടണം സെഷൻസ് ജഡ്ജിക്ക് നിർദേശം നൽകി ആന്ധ്രാപ്രദേശ് ഹൈക്കോടതി. കൊവിഡ് -19 രോഗികളെ ചികിത്സിക്കുന്ന ഡോക്ടർമാർക്ക് എൻ 95 മാസ്കുകൾ നൽകാത്തതിൽ സർക്കാരിനെ പരസ്യമായി വിമർശിച്ചതിനെ തുടർന്ന് രണ്ട് മാസം മുമ്പാണ് നർസിപട്ടണം ഏരിയ ആശുപത്രിയിലെ സിവിൽ അസിസ്റ്റന്‍റ് സർജൻ ഡോ. സുധാകർ റാവുവിനെ സസ്‌പെൻഡ് ചെയ്തത്. സർക്കാർ ആശുപത്രിയിലെ മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ച ഡോ. കെ. സുധാകർ റാവുവിനെ സന്ദര്‍ശിച്ച് അദ്ദേഹത്തിന്‍റെ പ്രസ്താവന രേഖപ്പെടുത്താൻ ഹൈക്കോടതി സെഷൻസ് ജഡ്ജിയോട് നിർദ്ദേശിച്ചു. ഡോക്ടറുടെ പ്രസ്താവന വ്യാഴാഴ്ച വൈകുന്നേരത്തോടെ സമർപ്പിക്കണമെന്നും കോടതിയുടെ ഉത്തരവിൽ പറയുന്നു.
രണ്ടാഴ്‌ച മുമ്പ് ഡോ. സുധാകര്‍ റാവുവിനെ പൊലീസ് റോഡിലിട്ട് മര്‍ദിച്ചിരുന്നു. ഡോക്ടറെ മര്‍ദ്ദിച്ച സംഭവം, അറസ്റ്റ്, മാനസിക ആശുപത്രിയിൽ പ്രവേശിപ്പിച്ചത് എന്നിവ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.സസ്‌പെന്‍ഷനെ തുടര്‍ന്ന് മെയ് 16 ന് പരസ്യമായി മോശമായ ഭാഷയിൽ സംസാരിച്ചതിനാണ് വിശാഖപട്ടണം പൊലീസ് ഡോക്ടറെ അറസ്റ്റ് ചെയ്തത്.
അര്‍ധനഗ്നനായി റോഡിൽ കിടന്ന് അസഭ്യം പറഞ്ഞ ഡോക്ടറെ പൊലീസുകാര്‍ വലിച്ചിഴച്ച് ഓട്ടോറിക്ഷയിൽ കയറ്റുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ കിംഗ് ജോർജ് ആശുപത്രിയിലേക്ക് മാറ്റി, അവിടെ നിന്നും അദ്ദേഹത്തെ സർക്കാർ ആശുപത്രിയിലെ മാനസികാരോഗ്യ കേന്ദ്രത്തിലെക്ക് മാറ്റുകയായിരുന്നു.
ഇന്ത്യൻ ശിക്ഷാ നിയമം 353 (പൊതുസേവകനെ ചുമതല നിർവഹിക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കുന്നതിനുള്ള ആക്രമണം), 427 എന്നിവ പ്രകാരം ഡോക്ടർക്കെതിരെ പൊലീസ് കേസെടുത്തു.
ട്രാഫിക് ഹെഡ് കോൺസ്റ്റബിളിനോട് ഡോക്ടർ മോശമായി പെരുമാറിയതായും മൊബൈൽ ഫോൺ എറിഞ്ഞതായും പൊലീസ് പറഞ്ഞു. ഒരു ഓട്ടോറിക്ഷ ഡ്രൈവറോടും മറ്റുള്ളവരോടും ഇയാൾ അക്രമാസക്തമായി പെരുമാറിയെന്നും ഗതാഗതക്കുരുക്ക് ഉണ്ടാക്കിയതായും പൊലീസ് ആരോപിക്കുന്നു.
ഡോക്ടർ സ്വന്തം ജീവൻ അപകടത്തിലാക്കുമെന്നതിനാലാണ് ഇയാളെ കസ്റ്റഡിയിലെടുത്തതെന്നും മദ്യപിച്ചിട്ടുണ്ടെയന്ന് പരിശോധിക്കുന്നതിനായി കെജിഎച്ചിലേക്ക് മാറ്റിയതായും പൊലീസ് പറഞ്ഞു.
ഡോക്ടർമാർക്ക് മാസ്ക് നൽകാത്തതിനെ വിമർശിച്ചതിന് വൈ.എസ്.ആർ കോൺഗ്രസ് പാർട്ടി സർക്കാർ ഡോക്ടറോട് പ്രതികാരം ചെയ്തുവെന്ന് മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ എൻ. ചന്ദ്രബാബു നായിഡു ആരോപിച്ചു. അതേസമയം, ഡോ. സുധാകറിനെ പൊലീസ് മര്‍ദ്ദിച്ചതിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) ആന്ധ്ര സർക്കാരിനോടുള്ള പ്രതിഷേധം രേഖപ്പെടുത്തി.
ഡോ. സുധാകർ മുഖ്യമന്ത്രിക്കെതിരെ മോശം വാക്കുകൾ ഉച്ചരിക്കുന്നതിന് വക്കാലത്ത് നിൽക്കുകയല്ലെന്ന് അസോസിയേഷൻ വ്യക്തമാക്കി. ഇത്തരം പെരുമാറ്റം അംഗീകരിക്കാനാവില്ല, അതുകൊണ്ട് തന്നെ ഇക്കാര്യത്തിൽ ക്ഷമാപണം നടത്തുന്നതായും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിക്ക് അയച്ച് കത്തിൽ പറയുന്നു. എന്നിരുന്നാലും മെഡിക്കൽ പ്രൊഫഷണലായ ഒരു അംഗത്തെ പരസ്യമായി കൈകാര്യം ചെയ്ത രീതി വളരെ അസ്വസ്ഥത സൃഷ്ടിക്കുന്നതായും ഇത് രാജ്യമെമ്പാടുമുള്ള ഡോക്ടർമാരെ വേദനിപ്പിക്കുന്നുവെന്നും ഐഎംഎ കൂട്ടിച്ചേർത്തു.
സംഭവത്തെക്കുറിച്ചും സസ്‌പെൻഷനെക്കുറിച്ചും ന്യായമായ അന്വേഷണം പ്രതീക്ഷിക്കുന്നതായും പൊലീസ് ഉദ്യോഗസ്ഥർക്ക് ശിക്ഷ നൽകണമെന്നും ഡോക്ടറുടെ അന്തസ്സ് കാത്തുസൂക്ഷിക്കുന്നതിനും അദ്ദേഹത്തിന്‍റെ ആരോഗ്യം പരിപാലിക്കുന്നതിലും ശ്രദ്ധ നൽകണമെന്നും ഐഎംഎയുടെ കത്തിൽ പറയുന്നു.