ന്യൂഡല്‍ഹി: ഗൂഗിള്‍ മണി പേയ്‌മെന്‍റ് ആപ്ലിക്കേഷനായ ഗൂഗിള്‍ പേ യുപിഐ നിയമങ്ങള്‍ പാലിക്കുന്നില്ലെന്ന് ആരോപിച്ച് സമര്‍പിച്ച ഹര്‍ജിയില്‍ റിസര്‍വ് ബാങ്കിന്‍റേയും കേന്ദ്ര സര്‍ക്കാരിന്‍റെയും വിശദീകരണം തേടി ഡല്‍ഹി ഹൈക്കോടതി. മൂന്നാഴ്‌ചക്കുള്ളില്‍ വിശദീകരണം നല്‍കണമെന്നാണ് കോടതിയുടെ നിര്‍ദേശം. ജസ്റ്റിസ് ആശ മേനോന്‍ അധ്യക്ഷയായ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഗൂഗിള്‍ പേയില്‍ നിലവിലുള്ള ഐഡി ഉപയോഗിക്കാന്‍ കഴിയുന്നില്ലെന്നും ഇത് യുപിഐ നിയമങ്ങളുടെ ലംഘനമാണെന്നും ഹര്‍ജിക്കാരനായ സുബം കാപാലെ ആരോപിച്ചു. ആപ്ലിക്കേഷന്‍ പുതിയതായി എടുക്കുന്നവര്‍ പുതിയ യുപിഐ ഐഡിയോ വെർച്വൽ പേയ്‌മെന്‍റെ അഡ്രസോ (വിപിഎ) ഉണ്ടാക്കണമെന്നാണ് ഗൂഗിൾ പേയിൽ ആവശ്യപ്പെടുന്നത്.
നാഷ്‌ണല്‍ പേയ്‌മെന്‍റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ എല്ലാ മാര്‍ഗനിര്‍ദേശങ്ങളും ഗൂഗിള്‍ പേ പാലിക്കുന്നുണ്ടോയെന്ന് ആര്‍ബിഐയും കേന്ദ്ര സര്‍ക്കാരും പരിശോധിക്കണം. ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ചത് മുതൽ ഗൂഗിൾ പേയുടെ വരുമാനത്തിന്‍റെ പത്തിരട്ടി പിഴ ഈടാക്കണമെന്നും കൊവിഡ് 19 റിലീഫ് ഫണ്ടിലേക്ക് സംഭാവന നൽകണമെന്നും ഹര്‍ജിക്കാരന്‍ പറഞ്ഞു.