നാഗ്പൂർ: റെഷിബാഗ് മൈതാനത്ത് സമ്മേളനം നടത്താൻ ഭീം ആർമിക്ക് ബോംബെ ഹൈക്കോടതിയിലെ നാഗ്‌പൂർ ബെഞ്ച് അനുമതി നല്‍കി. ഉപാധികളോടെയാണ് നാളെ സമ്മേളനം നടത്താൻ അനുമതി നല്‍കിയിരിക്കുന്നത്. ജസ്റ്റിസ് സുനില്‍ ശുക്റെ, മാധവ് ജാമദർ എന്നിവരടങ്ങുന്ന ബെഞ്ചാണ് ദളിത് സംഘടനയുടെ ഹർജിക്ക് വ്യവസ്ഥകളോടെ അനുമതി നല്‍കിയത്.
ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് സമ്മേളനത്തെ അഭിസംബോധന ചെയ്യും. ദളിത് സംഘടനയുടെ ഹർജിയില്‍ മഹാരാഷ്ട്ര സർക്കാരിനും നാഗ്‌പൂർ പൊലീസ് കമ്മിഷണർക്കും ഹൈക്കോടതി ചൊവ്വാഴ്ച നോട്ടീസ് അയച്ചിരുന്നു. മൈതാനം ആർഎസ്എസ് ആസ്ഥാനത്തിന് സമീപത്തായത് കൊണ്ട് തന്നെ നേരത്തെ കോട്ട്‌വാളി പൊലീസ് സമ്മേളനത്തിന് അനുമതി നിഷേധിച്ചിരുന്നു. ഇതേ തുടർന്നാണ് ഭീം ആർമി നാഗ്പൂർ ജില്ല നേതാവ് പ്രഫുല്‍ ഷിൻഡെ ഹൈക്കോടതിയെ സമീപിച്ചത്. ക്രമസമാധാന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് കോട്ട്‌വാളി പൊലീസ് അനുമതി നിഷേധിച്ചത്.
സമ്മേനത്തിന് അനുമതി നല്‍കണമെന്ന് ഹൈക്കോടതി സംസ്ഥാന സർക്കാരിനും പൊലീസ് കമ്മിഷണർക്കും നിർദ്ദേശം നല്‍കി. ഭീം ആർമിയുടെ തൊഴിലാളി യോഗം മാത്രമായിരിക്കണമെന്നും പ്രകടനമോ പ്രതിഷേധമോ ആകാൻ പാടില്ലെന്നും കോടതി പറഞ്ഞു. പ്രകോപനപരമായ പ്രസംഗങ്ങൾ നടത്താൻ പാടില്ല, അന്തരീക്ഷം സമാധാനപരമായിരിക്കണമെന്നും ഇതിന് ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് ഉറപ്പ് നല്‍കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു. വ്യവസ്ഥകൾ മറികടന്നാല്‍ നടപടി സ്വീകരിക്കുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.
ആർഎസ്‌എസ് ആസ്ഥാനത്തിന് സമീപത്തെ മൈതാനത്ത് പൗരത്വ ഭേദഗതി നിയമത്തിനും രജിസ്റ്ററിനുമെതിരെ പ്രതിഷേധം നടത്താൻ ഒരു സംഘടന അനുമതി തേടിയതായി പൊലീസ് കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. ആർഎസ്‌എസ് അവകാശപ്പെടുന്ന പ്രത്യയശാസ്ത്രത്തിന് വിരുദ്ധവും വ്യത്യസ്തവുമായ ഒരു പ്രത്യയശാസ്ത്രമാണ് അപേക്ഷകന്‍റെ സംഘടനയ്ക്കുള്ളതെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. അതുകൊണ്ട് പ്രതിഷേധത്തെ തുടർന്ന് ക്രമസമാധാനം നഷ്ടപ്പെടാനുള്ള സാഹചര്യം തള്ളിക്കളയാനാവില്ലെന്നും പൊലീസ് പറഞ്ഞു.