ഉത്തര്‍ പ്രദേശ്: കേസ് ഡല്‍ഹിയിലേക്ക് മാറ്റണമെന്ന ആവശ്യവുമായി ഹത്രാസില്‍ ക്രൂരപീഡനത്തിനിരയായ പെണ്‍കുട്ടിയുടെ കുടുംബം. തങ്ങളുടെ താമസം ഡല്‍ഹിയിലേക്ക് മാറ്റണമെന്നും കുടുംബം ആവശ്യപ്പെട്ടു. സുരക്ഷിതമായ കേന്ദ്രത്തിലേക്ക് മാറണമെന്ന് നേരത്തെ ഇരയുടെ സഹോദരന്‍ അറിയിച്ചതായി ദേശീയ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു. തന്നെയും കുടുംബത്തേയും സുരക്ഷിതമായ സ്ഥാനത്തേക്ക് മാറ്റാന്‍ സര്‍ക്കാര്‍ സഹായം നല്‍കണമന്നാണ് സഹോദരന്‍റെ ആവശ്യം.
കഴിഞ്ഞ മാസമാണ് ക്രൂരമായ പീഡനത്തിനിരയായ പെണ്‍കുട്ടി മരിച്ചത്. സംഭവത്തില്‍ കേസ് സിബിഐ ഏറ്റെടുത്തതിന് പിന്നാലെയാണ് ആവശ്യവുമായി കുടുംബം രംഗത്ത് എത്തിയിരിക്കുന്നത്. കേസില്‍ പ്രതികളെന്ന് സംശയിക്കുന്ന സന്ദീപ്, രവി, രാമു, ലവ്കുശ് എന്നിവര്‍ നിലവില്‍ പൊലീസിന്‍റെ കസ്റ്റിഡിയിലാണ്. ബുധനാഴ്ച ആറ് മണിക്കൂറാണ് സിബിഐ കുടുംബത്തെ ചോദ്യം ചെയ്തത്. കുട്ടിയുടെ സംസ്കാര ചടങ്ങുകള്‍ നടന്ന കേന്ദ്രത്തിലെത്തിയ സിബിഐ സംഘം ഇവിടെ നിന്നും തെളിവുകള്‍ ശേഖരിച്ചിരുന്നു.