ലഖ്‌നൗ: ഹത്രാസിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബാംഗങ്ങൾക്ക് മതിയായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് പൊലീസ് സൂപ്രണ്ട് വിനീത് ജയ്‌സ്വാൾ. കുടുംബത്തിന്‍റെ സുരക്ഷയ്ക്കായി നിരവധി പൊലീസ് ഉദ്യോഗസ്ഥരേയും പ്രൊവിൻഷ്യൽ ആംഡ് കോൺസ്റ്റാബുലറി (പിഎസി) യൂണിറ്റുകളും പ്രദേശത്ത് വിന്യസിച്ചിട്ടുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
പിഎസിയുടെ നിരവധി പ്ലാറ്റൂണുകളെയും സംഘർഷങ്ങൾ ഒഴിവാക്കാൻ ഗ്രാമത്തിൽ വിന്യസിച്ചിട്ടുണ്ട്. പീഡനത്തിനിരയായ പെൺകുട്ടിയുടെ സഹോദരന് സുരക്ഷക്കായി രണ്ട് പൊലീസുകാരെ ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ എല്ലാ കുടുംബാംഗങ്ങൾക്കും സുരക്ഷാ ഉദ്യോഗസ്ഥരെ നൽകിയിട്ടുണ്ട്.
കുടുംബാംഗങ്ങളെ വ്യക്തിപരമായി സന്ദർശിച്ച് അവരുടെ സുരക്ഷാ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സുരക്ഷാ ആശങ്കകൾ കണക്കിലെടുത്ത് ഗ്രാമത്തിലും സമീപ പ്രദേശങ്ങളിലും മീറ്റിംഗുകളോ യോഗങ്ങളോ നടത്താൻ അനുവദിക്കില്ലെന്നും അധികൃതർ അറിയിച്ചു.