ന്യൂഡല്‍ഹി: ദേശീയ പൗരത്വ നിയമ ഭേദഗതിക്കെതിരെ നടക്കുന്ന പ്രക്ഷോഭങ്ങളില്‍ പങ്കെടുക്കുന്നവര്‍ പൊതുമുതല്‍ നശിപ്പിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നിങ്ങള്‍ എന്നെ വെറുത്തോളു പക്ഷേ ഇന്ത്യയെ വെറുക്കരുത്. നിങ്ങള്‍ക്ക് എന്‍റെ കോലം കത്തിക്കാം പക്ഷേ പാവപ്പെട്ടവന്‍റെ ഓട്ടോറിക്ഷ കത്തിക്കരുത് - ഡല്‍ഹി രാംലീല മൈതാനിയില്‍ നടന്ന പൊതുസമ്മേളനത്തില്‍ മോദി പറഞ്ഞു.
നാനാത്വത്തില്‍ ഏകത്വം അതാണ് ഇന്ത്യയുടെ പ്രത്യേകത എന്ന പ്രഖ്യാപനത്തോടെയാണ് ഒന്നര മണിക്കൂര്‍ നീണ്ട പ്രസംഗം മോദി ആരംഭിച്ചത്. ഡല്‍ഹിയിലെ അനധികൃത കോളനികളിലെ താമസക്കാര്‍ക്ക് വേണ്ട സൗകര്യങ്ങളൊരുക്കുമെന്ന് പ്രഖ്യാപിച്ച സര്‍ക്കാരിനോടുള്ള നന്ദി പ്രകടനം എന്ന നിലയിലാണ് രാംലീല മൈതാനത്ത് പൊതുസമ്മേളനം സംഘടിപ്പിച്ചത്. രാജ്യതലസ്ഥാനത്തെ 1731 അനധികൃത കോളനികളില്‍ താമസിച്ചിരുന്ന നാല്‍പ്പത് ലക്ഷത്തോളം പാവപ്പെട്ടവര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ഭൂമിയില്‍ അവകാശം നല്‍കിയെന്നും മോദി പറഞ്ഞു.
പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നത് നഗര മാവോയിസ്‌റ്റുകളാണെന്നും പ്രധാനമന്ത്രി ആരോപിച്ചു. പുതിയ ഭേദഗതി മുസ്ലീം വിരുദ്ധമാണെന്ന് പറയുന്നവര്‍ നുണ പ്രചരിപ്പിക്കുകയാണെന്നും മോദി രാംലീല മൈതാനിയില്‍ തടിച്ചുകൂടിയ ആയിരങ്ങളോട് പറഞ്ഞു.