ഛണ്ഡീഗഡ്:ഹരിയാന മുൻ പിസിസി അധ്യക്ഷൻ അശോക് തൻവാർ കോൺഗ്രസില്‍ നിന്ന് രാജിവച്ചു. കോണ്‍ഗ്രസ് പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് തന്‍വാർ രാജി പ്രഖ്യാപിച്ചത്. പാർട്ടി അടിസ്ഥാനതത്വത്തില്‍ നിന്നും പ്രത്യയ ശാസ്ത്രത്തില്‍ നിന്നും വ്യതിചലിച്ചതായും തന്‍വാർ ആരോപിച്ചു. കോൺഗ്രസിന് നിലവിലുള്ളത് ഫ്യൂഡല്‍ മനോഭാവമാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി പാർട്ടിയിലെ ആഭ്യന്തര ജനാധിപത്യം ഏതാനും ലോബികളുടെ സ്വാർത്ഥ താത്പര്യങ്ങളാല്‍ കൊല്ലപ്പെടുന്നും അശോക് തന്‍വാർ രാജി കത്തില്‍ പറഞ്ഞു.
സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് അശോക് തൻവാറിന്‍റെ രാജി. പാർട്ടിയുടെ സ്റ്റാർ ക്യാമ്പെയ്നർ കൂടിയാണ് തൻവാർ.
പാർട്ടി പ്രവർത്തകരുമായി ദീർഘനാളത്തെ ചർച്ചകൾക്കും ആലോചനകൾക്കും ശേഷം എല്ലാ കോൺഗ്രസ് പ്രവർത്തകർക്കും പൊതുജനങ്ങൾക്കും നന്നായി അറിയാവുന്ന കാരണങ്ങളാലും ഇന്ത്യൻ നാഷണല്‍ കോൺഗ്രസിന്‍റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവെക്കുന്നുവെന്നാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്. നാല് പേജുള്ള രാജിക്കത്തില്‍ കോൺഗ്രസ് ആഭ്യന്തര പ്രതിസന്ധിയിലൂടയാണ് കടന്നു പോകുന്നതെന്നും തൻവാർ കൂട്ടിച്ചേർത്തിട്ടുണ്ട്.
കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി രാഹുൽ ഗാന്ധി വളർത്തിയ നേതാക്കളെ ഉന്മൂലനം ചെയ്യാൻ പാർട്ടിയിൽ ഗൂഡാലോചന നടക്കുന്നുണ്ടെന്ന് കത്തിൽ തൻവാർ വ്യക്തമാക്കി.തന്‍റെ പോരാട്ടം വ്യക്തിപരമല്ല, മറിച്ച് പഴയ പാർട്ടിയെ നശിപ്പിക്കുന്ന സംവിധാനത്തിനെതിരെയാണെന്നും അദ്ദേഹം പറഞ്ഞു. 2014 മുതല്‍ പിസിസി അധ്യക്ഷനായിരുന്ന തന്‍വാറിനെ ഭൂപീന്ദര്‍ ഹൂഡെയുടെ സമ്മര്‍ദ്ദ ഫലമായാണ് സ്ഥാനത്ത് നിന്നും മാറ്റിയതെന്നാണ് ആരോപണം.