ചണ്ഡിഗഡ്: സംസ്ഥാനത്തെ വെട്ടുകിളി ആക്രമണത്തെക്കുറിച്ച് ചർച്ച ചെയ്യാൻ ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറുമായും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരുമായും നാളെ കൂടിക്കാഴ്ച നടത്തുമെന്ന് സംസ്ഥാന കൃഷി മന്ത്രി ജയ് പ്രകാശ് ദലാൽ. സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ വ്യാഴാഴ്ച യോഗം ചേരുമെന്നും തുടര്‍ന്ന് വെള്ളിയാഴ്ച മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുമെന്നും എന്ത് നടപടികളാണ് സ്വീകരിക്കേണ്ടതെന്നതില്‍ കൂടുതൽ തീരുമാനം എടുക്കുമെന്നും ജയ് പ്രകാശ് ദലാൽ മാധ്യമങ്ങളോട് പറഞ്ഞു.
അടുത്ത ഏതാനും ആഴ്ചകളില്‍ വെട്ടുകിളികളുടെ ആക്രമണം കൂടുതൽ ശക്തമാകുമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ടെന്നും അതിനാൽ തങ്ങൾ തയ്യാറായിരിക്കണമെന്നും ജയ് പ്രകാശ് ദലാൽ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഹരിയാനയിലെ ആറ് ജില്ലകളെ വെട്ടുകിളി ആക്രമിച്ചെങ്കിലും സംസ്ഥാനത്തിന്‍റെ തയ്യാറെടുപ്പ് മൂലം കാര്യമായ കേടുപാടുകൾ സംഭവിച്ചില്ലെന്നും സംസ്ഥാന കൃഷി മന്ത്രി പറഞ്ഞു.
ഡ്രോണുകളിലും ട്രാക്ടറുകളിലും ഘടിപ്പിച്ച സ്പ്രേയറുകൾ ഉപയോഗിച്ച് വെട്ടുകിളികളെ വിജയകരമായി നിയന്ത്രിക്കാൻ കഴിഞ്ഞതായും. അതിർത്തി ജില്ലകളായ സിർസ, ചാർക്കി ദാദ്രി, പൽവാൾ, ഫത്തേഹാബാദ് തുടങ്ങിയ ജില്ലകൾക്ക് വെട്ടുകിളികളെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.