ലക്‌നൗ: പകർച്ചവ്യാധിയുടെ സമയത്ത് ഉത്തർപ്രദേശ് സർക്കാർ നടത്തിയ കഠിനാധ്വാനം കൊണ്ട് 85,000 ജീവൻ രക്ഷിക്കാൻ കഴിഞ്ഞുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡ് -19 ആത്മ നിർഭർ ഉത്തർപ്രദേശ് റോജർ അഭിയാൻ, വീഡിയോ കോൺഫറൻസിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. യു പി വൈറസുമായി പോരാടിയതും സാഹചര്യം കൈകാര്യം ചെയ്തതും അസാധാരണമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഉത്തർപ്രദേശിലെ 24 കോടി പൗരന്മാരെ പ്രശംസിക്കുന്നതായും ഡോക്ടർമാർ, പാരാമെഡിക്കൽ സ്റ്റാഫ്, ശുചീകരണ തൊഴിലാളികൾ, പൊലീസ് ഉദ്യോഗസ്ഥർ, ആശ വർക്കേഴ്സ്, അംഗൻവാടി തൊഴിലാളികൾ, ബാങ്ക്-പോസ്റ്റോഫീസ് ഉദ്യോഗസ്ഥർ, ഗതാഗത ഉദ്യോഗസ്ഥർ തുടങ്ങിയവർ പകർച്ചവ്യാധിക്കെതിരായ പോരാട്ടത്തിൽ പങ്കാളികളായതായും നരേന്ദ്ര മോദി പറഞ്ഞു.
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും സംഘവും മികച്ച പ്രവർത്തനം നടത്തിയെന്നും അദ്ദേഹം പറഞ്ഞു. യൂറോപ്പിലെ ഇംഗ്ലണ്ട്, ഫ്രാൻസ്, ഇറ്റലി, സ്പെയിൻ എന്നിവിടങ്ങളിലെ മരണ നിരക്കിനെ യുപിയിലെ മരണവുമായി പ്രധാനമന്ത്രി താരതമ്യം ചെയ്തു. ഈ രാജ്യങ്ങളിൽ 1,30,000 ആളുകൾ മരിച്ചതായും 24 കോടി ജനസംഖ്യയുള്ള യു പിയിൽ 600 പേർ മാത്രമാണ് മരിച്ചതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഈ നാല് രാജ്യങ്ങളുടെയും പകർച്ചവ്യാധിക്കെതിരായ പോരാട്ടത്തെ അംഗീകരിക്കേണ്ടതുണ്ട് എന്നും മോദി പറഞ്ഞു.
അമേരിക്കയ്ക്ക് എല്ലാ സൗകര്യങ്ങളും ഉണ്ട് എന്നിട്ടും ആ രാജ്യത്തെ വൈറസ് പ്രതികൂലമായി ബാധിക്കുന്നു. യുഎസിലെ ജനസംഖ്യ 33 കോടി ആണ്. യുഎസിൽ 1,25,000 പേർ മരിച്ചു എന്നാൽ യുപിയിൽ 600 പേർ മാത്രമാണ് മരിച്ചത്. യോഗി ആദിത്യനാഥിന്റെ സർക്കാർ 85,000 പേരുടെ ജീവൻ രക്ഷിച്ചതായും മോദി പറഞ്ഞു.