അമരാവതി: ആന്ധ്രയില്‍ തെരഞ്ഞെടുപ്പ് കമ്മീഷണറിനെ പുനര്‍നിയമിക്കണമെന്ന് ഗവര്‍ണര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. രമേഷ് കുമാറിന് എഴുതിയ കത്തിലാണ് എസ്ഇസിയായി പുനര്‍നിയമിക്കാന്‍ ആവശ്യപ്പെട്ടതായി ഗവര്‍ണറുടെ സെക്രട്ടറി അറിയിച്ചത്. രണ്ട് ദിവസം മുന്‍പ് ഹൈക്കോടതിയുടെ ഉത്തരവുമായി ഗവര്‍ണറെ രമേഷ് കുമാര്‍ സമീപിച്ചിരുന്നു. രണ്ട് മാസം മുന്‍പത്തെ ഹൈക്കോടതി കോടതി ഉത്തരവ് നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് രമേഷ് കുമാര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നേരത്തെ പരാതി സമര്‍പ്പിച്ചിരുന്നു.
ജൂലായ് 16ന് ഗവര്‍ണറെ സമീപിക്കാന്‍ ഹൈക്കോടതി രമേഷ് കുമാറിനോട് ആവശ്യപ്പെട്ടിരുന്നു. മെയ് 29നാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷറായി രമേഷ് കുമാറിനെ പുനര്‍നിയമിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്. രമേഷ് കുമാറിന്‍റെ പരാതി ചീഫ് ജസ്റ്റിസ് ജെ കെ മഹേശ്വരി, എം സത്യനാരായണ മൂര്‍ത്തി എന്നിവരടങ്ങിയ ബെഞ്ചാണ് പരിഗണിച്ചത്. എസ്ഇസിയായി പുനര്‍നിയമിക്കാത്തതിലൂടെ സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അവഹേളിക്കുകയാണെന്ന് രമേഷ് കുമാര്‍ ആരോപിച്ചു. രമേഷ് കുമാറിന് പകരം നിയമിച്ച മുന്‍ ഹൈക്കോടതി ജഡ്‌ജി കൂടിയായ വി കനകരാജിനെ ഇപ്പോഴും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി സര്‍ക്കാര്‍ പരിഗണിക്കുന്നുവെന്ന് രമേഷ് കുമാര്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി.
ഹൈക്കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും സ്റ്റേ അനുവദിക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചതായി ഹര്‍ജിയില്‍ പറയുന്നു. വിഷയത്തില്‍ സര്‍ക്കാരിന്‍റെ വാദം ഫയല്‍ ചെയ്യാന്‍ ആവശ്യപ്പെട്ട ഹൈക്കോടതി ബെഞ്ച് തുടര്‍വാദം ജൂലായ് 24 ലേക്ക് മാറ്റിയിട്ടുണ്ട്. തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പ് മാറ്റിവെച്ചതിനെ തുടര്‍ന്ന് വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി എസ്ഇസി സ്ഥാനത്ത് നിന്ന് രമേഷ് കുമാറിനെ നീക്കാന്‍ ഏപ്രില്‍ 10 ന് ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചിരുന്നു. മണിക്കൂറുകള്‍ക്ക് ശേഷം തല്‍സ്ഥാനത്തേക്ക് കനകരാജിനെ നിയമിച്ചിരുന്നു.
നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ച രമേഷ് കുമാറിന്‍റെയും മറ്റുള്ളവരുടെയും പരാതിയില്‍ ഹൈക്കോടതി സര്‍ക്കാറിന്‍റെ പുതിയ നിയമനം തടഞ്ഞിരുന്നു. ഭരണഘടനാ വിരുദ്ധമാണെന്നായിരുന്നു ഹൈക്കോടതിയുടെ വിശദീകരണം. തുടര്‍ന്ന് ഹൈക്കോടതി ഉത്തരവ് അറിയിച്ച് രമേഷ് കുമാര്‍ സംസ്ഥാനത്തെ എല്ലാ ജില്ലാ കലക്‌ടര്‍മാര്‍ക്കും, സില്ലാ പ്രജാ പരിഷദ് സിഇഒമാര്‍ക്കും, ജില്ലാ പഞ്ചായത്ത് ഓഫീസര്‍മാര്‍ക്കും, മുന്‍സിപ്പല്‍ കമ്മീഷണര്‍ക്കും സര്‍ക്കുലര്‍ അയച്ചിരുന്നു. സര്‍ക്കുലര്‍ നിയമവിരുദ്ധമാണെന്നും ചുമതലയേല്‍ക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടിട്ടില്ലെന്നും അഡ്വക്കറ്റ് ജനറല്‍ എസ് സുബ്രമണ്യം വ്യക്തമാക്കിയതോടെ പിറ്റേദിവസം രമേഷ് കുമാര്‍ സര്‍ക്കുലര്‍ പിന്‍വലിച്ചിരുന്നു.